സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (9) നഷ്ടമായി.
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SA vs BAN) ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് പതറുന്നു. ഡര്‍ബനില്‍ ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ 367ന് പുറത്താക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 98 എന്ന നിലയിലാണ്. മഹ്‌മുദുള്‍ ഹസന്‍ ജോയ് (44), നൈറ്റ്‌വാച്ച്മാനായി ടസ്‌കിന്‍ അഹമ്മദ് (0) എന്നിവരാണ് ക്രീസില്‍. സിമോണ്‍ ഹാര്‍മറാണ് നാല് വിക്കറ്റുകളും വീഴ്ത്തിയത്. നേരത്തെ തെംബ ബവൂമയാണ് (93) ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
സ്‌കോര്‍ സൂചിപ്പിക്കുന്നത് പോലെ തകര്‍ച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ (9) നഷ്ടമായി. ഹാര്‍മറിന്റെ പന്തില്‍ ബൗള്‍ഡ്. മൂന്നാമതായി ക്രീസിലെത്തിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (38) ഹസനൊപ്പം 55 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ഷാന്റോയെ ബൗള്‍ഡാക്കി ഹാര്‍മര്‍ ബ്രേക്ക് ത്രൂ നല്‍കി. സന്ദര്‍ശകര്‍ രണ്ടിന് 80 എന്ന നിലയിലായി. ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖിന് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. റണ്‍സെടുക്കുന്നതിന് മുമ്പ് താരത്തെ കീഗന്‍ പീറ്റേഴ്‌സണ്‍ പിടിച്ച് പുറത്താക്കി. സീനിയര്‍ താരം മുഷ്ഫിഖുര്‍ റഹീമും (7) നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മുഷ്ഫിഖര്‍ മടങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബവൂമയ്ക്ക് പുറമെ ഡീന്‍ എല്‍ഗാര്‍ (67), സരേല്‍ എര്‍വി (41) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഹാര്‍മര്‍ ബാറ്റിംഗിലും തിളങ്ങി. 38 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. കീഗന്‍ പീറ്റേഴ്‌സണ്‍ (19), റിയാന്‍ റിക്കള്‍ടണ്‍ (21), കെയ്ല്‍ വെറെയ്‌നെ (28), വിയാന്‍ മള്‍ഡര്‍ (0), കേശവ് മഹാരാജ് (19), ലിസാഡ് വില്യംസ് (12), ഡുവാനെ ഒളിവര്‍ (12) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍.
ഖലേത് അഹ്‌മ്മദ് ബംഗ്ലാദേശിനായി നാല് വിക്കറ്റെടുത്തു. മെഹ്ദി ഹസന് മൂന്നും ഇബാദത്ത് ഹുസൈന് രണ്ടും വിക്കറ്റുണ്ട്.
