ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താം ടീമാണ് നെതര്‍ലന്‍ഡ്‌സ്

ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: 5 വിക്കറ്റ്, 123 റണ്‍സ്! ബാസ് ഡി ലീഡിന്‍റെ ലോകോത്തര ഓള്‍റൗണ്ട് പ്രകടനത്തിന്‍റെ കരുത്തില്‍ സ്കോട്‌ലന്‍ഡിനെ 4 വിക്കറ്റിന് വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പിന് ടിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 277 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി നെതര്‍ലന്‍ഡ്‌സ് 42.5 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 278 റണ്‍സെടുക്കുകയായിരുന്നു. ബൗളിംഗില്‍ അഞ്ച് വിക്കറ്റ് നേടിയ ഇരുപത്തിമൂന്നുകാരനായ ബാസ് ഡി ലീഡ് 92 പന്തില്‍ 123 റണ്‍സുമായി ബാറ്റിംഗിലും മിന്നി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താം ടീമാണ് നെതര്‍ലന്‍ഡ്‌സ്. യോഗ്യതാ റൗണ്ടില്‍ നിന്ന് ശ്രീലങ്ക നേരത്തെ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, സ്‌കോട്‌ലന്‍ഡ്, ഒമാന്‍ തുടങ്ങിയ ടീമുകള്‍ പുറത്തായി.

കഴിഞ്ഞ മത്സരത്തില്‍ സിംബാബ്‌വെയ്ക്ക് മടക്ക ടിക്കറ്റ് കൊടുത്ത കരുത്തുമായി എത്തിയ സ്‌കോട്‌ലന്‍ഡിന് 50 ഓവറില്‍ 277-9 എന്ന സ്കോറിലെത്താനാണ് കഴിഞ്ഞത്. 10 ഓവറില്‍ 52 റണ്‍സിന് 5 വിക്കറ്റുമായി ബാസ് ഡി ലീഡായിരുന്നു ബൗളിംഗിലെ താരം. റയാല്‍ ക്ലൈന്‍ രണ്ടും ലോഗന്‍ വാന്‍ ബീക്ക് ഒന്നും വിക്കറ്റ് നേടി. വിക്കറ്റ് കീപ്പറും ഓപ്പണറുമായ മാത്യൂ ക്രോസ് പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ സഹഓപ്പണര്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡ് 32 ഉം ക്യാപ്റ്റന്‍ റിച്ചീ ബെറിംഗ്‌ടണ്‍ 64 ഉം റണ്‍സെടുത്തു. ജോര്‍ജ് മന്‍സി ഒന്‍പതും മൈക്കല്‍ ലീസ്‌ക് ഒന്നും മാര്‍ക് വാറ്റ് പൂജ്യത്തിനും സഫ്യാന്‍ ഷരീഫ് രണ്ടിനും പുറത്തായപ്പോള്‍ തോമസ് മക്കിന്‍റോഷ് 38 ഉം ക്രിസ് ഗ്രീവ്‌സ് 18 ഉം റണ്‍സ് നേടി. 

നെതര്‍ലന്‍ഡ്‌സിന്‍റെ മറുപടി ബാറ്റിംഗില്‍ മാക്‌സ് ഒഡൗഡ്(20), വിക്രംജീത്ത് സിംഗ്(40), വെസ്‌ലി ബെരെസി(11) എന്നിങ്ങനെയായിരുന്നു ടോപ് ത്രീയുടെ സ്കോറുകള്‍. തേജാ നിഡമനുരു 10 ഉം ക്യാപ്റ്റന്‍ സ്കോട് എഡ്‌വേഡ്‌സ് 25 ഉം റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ 92 പന്തില്‍ 7 ഫോറും 5 സിക്‌സും സഹിതം 123 റണ്‍സ് നേടിയ ബാസ് ഡി ലീഡ് വിജയത്തിന് രണ്ട് റണ്‍സ് മാത്രം അകലെ വീണു. 33* റണ്‍സുമായി സാഖിബ് സുള്‍ഫിഖറും 1* റണ്ണുമായി ലോഗന്‍ വാന്‍ ബീക്കും നെതര്‍ലന്‍ഡ്‌സിനെ 42.5 ഓവറില്‍ ജയിപ്പിച്ചു. സ്‌കോട്ടിഷ് ടീമിനായി മൈക്കല്‍ ലീസ്‌ക് രണ്ടും ബ്രണ്ടന്‍ മക്കമല്ലനും മാര്‍ക്ക് വാറ്റും ക്രീസ് ഗ്രീവ്‌സും ഓരോ വിക്കറ്റും നേടി. 

Read more: അടി തുടങ്ങിയിട്ടേയുള്ളൂ; ടീം സെലക്ഷന് പിന്നാലെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News