ധാക്ക: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന് ഐപിഎല്‍ കളിക്കാനുള്ള അനുമതി ലഭിച്ചേക്കും. താരത്തെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി ഐപിഎല്ലിനായി അയക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി. നേരത്തെ ഷാക്കിബ് അല്‍ ഹസനും ഐപിഎല്‍ കളിക്കാന്‍ ബിസിബി അനുമതി നല്‍കിയിരുന്നു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് മുസ്തഫിസുര്‍ കളിക്കുക. അടിസ്ഥാന വിലയായ ഒരു കോടിക്കാണ് താരം രാജസ്ഥാനിലെത്തിയത്. മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ഫിസ്. യുഎഇയില്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുസ്തഫിസുര്‍ കളിച്ചിരുന്നില്ല. താരത്തിനോട് ദേശീയ ടീമിനൊപ്പം തുടരാന്‍ ബിസിബി ആവശ്യപ്പെടുകയായിരുന്നു. 

എന്‍ ഒ സി ചോദിക്കുന്ന എല്ലാവര്‍ക്കും നല്‍കുമെന്ന് അക്രം ഖാന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''അനുമതി ചോദിക്കുന്ന എല്ലാവര്‍ക്കും നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ടീമിനൊപ്പം തുടരാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കാനാവില്ല. ഷാക്കിബിന് അനുമതി കൊടുത്തു. മുസ്തഫിസുറിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുക.'' അദ്ദേഹം പറഞ്ഞു. 

രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്. ഷാക്കിബിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. 3.2 കോടിക്കാണ് ഷാക്കിബ് കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയത്.