ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു ദേവ്‌ജിത് സൈക്കിയ.
ദുബായ്: ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറത്തതില്‍ ദുബായിലെ ഐസിസി ആസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി. ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത ഇടപെട്ടാണ് മൊഹ്സിന്‍ നഖ്‌വിയും ദേവ്ജിത് സൈക്കിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.
കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും മഞ്ഞുരുകിയെന്നും സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു.
ഐസിസി ഭാരവാഹി ഇടപെട്ടാണ് ചർച്ച നടത്തിയതെന്നും സൈക്കിയ സ്ഥിരീകരിച്ചു. തർക്കപരിഹാരത്തിനു ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ആയിരുന്നു ചർച്ച ഏഷ്യ കപ്പ് ഇന്ത്യ ജയിച്ചെങ്കിലും ട്രോഫി കൈമാറിയിരുന്നില്ല.
ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് മൊഹ്സിന് നഖ്‌വിക്ക് ബിസിസിഐ നേരത്തെ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും കളിക്കാരനെ അയച്ചാല്‍ അയാളുടെ കൈയില്‍ ട്രോഫി കൈമാറാമെന്നും നവംബര്‍ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്‌വി ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തത്.പാകിസ്ഥാനെ തോല്‍പിച്ച് ഏഷ്യാ കപ്പ് കിരീടം നേടിയശേഷം മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം നിലപാടെടുത്തിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷസമയത്ത് നഖ്‌വി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
മറ്റേതെങ്കിലും വ്യക്തിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാമെന്ന് ഇന്ത്യൻ ടീം അറിയിച്ചെങ്കിലും ട്രോഫി കൈമാറാതെ നഖ്‌വി സ്റ്റേഡിയത്തില്‍ നിന്ന് പോയി. ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ‌്‌വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാല്‍ താന്‍ തന്നെയായിരിക്കും ട്രോഫി നല്‍കുകെന്നും നഖ്‌വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു.


