കശ്മീരിലെ ബാരമുള്ള സ്വദേശിയായ 29-കാരൻ ആഖിബ് നബി, പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്.

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ബുംറയ്ക്ക് പകരക്കാരനായി ജമ്മു കശ്മീർ പേസര്‍ ആഖിബ് നബിയെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉൾപ്പെടുത്തി. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ ആഖിബിന് ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ബുംറ പൂർണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് ബിസിസിഐ പകരക്കാരനായി ആഖിബിനെ പ്രഖ്യാപിച്ചത്.

കശ്മീരിലെ ബാരമുള്ള സ്വദേശിയായ 29-കാരൻ ആഖിബ് നബി, പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ജമ്മു കശ്മീർ താരമാണ്. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി 104 വിക്കറ്റുകളാണ് ആഖിബ് എറിഞ്ഞിട്ടത്. കഴിഞ്ഞ സീസണിൽ കശ്മീരിന് ആദ്യ രഞ്ജി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഖിബ് 60 വിക്കറ്റുകൾ വീഴ്ത്തി സീസണിലെ വിക്കറ്റ് വേട്ടയിലും ഒന്നാമമനായിരുന്നു. വാലറ്റത്ത് റൺസ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും സാധിക്കുന്ന മികച്ച ഓൾറൗണ്ട് മികവ് താരത്തിനുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലൻസിൽ സ്പോർട്സ് സയൻസ് ടീമിന്‍റെ നിരീക്ഷണത്തിലാണ് നിലവിൽ ബുംറ. വരാനിരിക്കുന്ന പ്രധാന പരമ്പരകൾ കണക്കിലെടുത്ത് ബുംറയെ ധൃതിപിടിച്ച് കളത്തിലിറക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.

Scroll to load tweet…

സായ് സുദർശന്‍റെ കാര്യം സംശയത്തില്‍

കാൽവിരലിനേറ്റ പരിക്കിൽ നിന്ന് മുക്തനായി വരുന്ന ബി. സായ് സുദർശന്‍റെ പങ്കാളിത്തം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായിരിക്കും. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. 23 മുതല്‍ 27വരെ കൊളംബോയിലാണ് രണ്ടാം ടെസ്റ്റ്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ബി. സായ് സുദർശൻ (ഫിറ്റ്നസിന് വിധേയം), ധ്രുവ് ജൂറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ, ആഖിബ് നബി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക