കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.

ധരംശാല: ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കി. പാക് ആക്രമണ വിവരമറിഞ്ഞതോടെ ധരംശാലയിൽ നടക്കുകയായിരുന്ന പഞ്ചാബ്-ഡൽഹി ഐപിഎൽ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി. ക്രിക്കറ്റ് ലോകത്തും അസാധാരണ നടപടികൾക്കാണ് ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്. ഹിമാചലിലെ ധരംശാലയിൽ നടന്ന ഐപിഎൽ മത്സരത്തില്‍ ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചു. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു. ഫ്ലെഡ് ലൈറ്റുകള്‍ തകരാറിലായതിനാലാണ് മത്സരം നിര്‍ത്തിയതെന്നായിരുന്നു ആദ്യം കളിക്കാരും കാണികളും ധരിച്ചത്.

ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.

Scroll to load tweet…

ചണ്ഡീഗഡ് വിമാനത്താവളം നേരത്തെ അടച്ചതിനാല്‍ പഞ്ചാബ്-ഡല്‍ഹി താരങ്ങളെയും മാച്ച് ഒഫീഷ്യൽസിനെയും ബ്രോഡ്കാസ്റ്റിംഗ് സംഘത്തെയും പ്രത്യേക ട്രെയിൻ മാർഗം ഡൽഹിയിലെത്തിക്കാൻ ബിസിസിഐ തീരുമാനിച്ചു. ധരംശാലക്ക് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷനായ ഉനായില്‍ നിന്നാണ് കളിക്കാരടക്കം 300-ഓളം പേരെ ട്രെയിന്‍ മാര്‍ഗം ബിസിസിഐ ഡല്‍ഹിയിലെത്തിക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ കളിക്കാരെ എപ്പോഴാണ് ഡല്‍ഹിയിലെത്തിക്കുക എന്ന് വ്യക്തമാക്കിയിരുന്നില്ല.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത പഞ്ചാബ് 10.1 ഓവറില്‍ 122-1 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴായിരുന്നു മത്സരം നിര്‍ത്തിവെച്ചത്. 28 പന്തില്‍ 50 റണ്‍സുമായി പഞ്ചാബ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗായിരുന്നു ക്രീസില്‍. 34 പന്തില്‍ 70 റണ്‍സടിച്ച ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ടി നടരാജന്‍ പുറത്താക്കിയതിന് പിന്നാലെയായിരുന്നു മത്സരം നിര്‍ത്തിവെച്ചത്. ഇന്നലെ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന പഞ്ചാബിനും മത്സരം ഉപേക്ഷിച്ച് പോയന്‍റ് പങ്കിടേണ്ടിവന്നത് തിരിച്ചടിയായി. ഐപിഎല്ലില്‍ പ്ലേ ഓഫിന് മുൻപ് ഇനി 12 മത്സരങ്ങളാണ് നടക്കാനുള്ളത്. ഇന്ന് നടക്കുന്ന ലക്നൗ ആർസിബി മത്സരം യുപിയിലെ ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. കനത്ത സുരക്ഷ ഒരുക്കി മത്സരം നടത്താനാണ് ബിസിസിഐ യോഗം ചേർന്ന് തീരുമാനിച്ചത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക