ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച് കൊണ്ടിരിക്കുകയാണെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയുടെയും ബിസിസിഐയുടെയും പ്രധാന പരിഗണന ഒക്‌ടോബറിലെ ട്വന്റി 20 ലോകകപ്പാണ്

മുംബൈ: യുഎഇയും ഒമാനും വേദിയാവുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി ബിസിസിഐ. ഇതിന് മുന്നോടിയായി ബിസിസിഐ ഭാരവാഹികൾ ക്യാപ്റ്റൻ വിരാട് കോലിയുമായി കൂടിക്കാഴ്‌ച നടത്തി.

ഇനി വിശ്രമമില്ലാ ദിനങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച് കൊണ്ടിരിക്കുകയാണെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയുടെയും ബിസിസിഐയുടെയും പ്രധാന പരിഗണന ഒക്‌ടോബറിലെ ട്വന്റി 20 ലോകകപ്പാണ്. സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം താരങ്ങൾ നേരെ ഐപിഎല്ലിലെ ശേഷിച്ച മത്സരങ്ങൾക്കായി യുഎഇയിലേക്ക് പോകും. ഐപിഎൽ കഴിഞ്ഞാൽ വിശ്രമം പോലുമില്ലാതെ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ആരവത്തിനൊപ്പം ചേരും. 

ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായും കോച്ച് രവി ശാസ്‌ത്രിയുമായും കൂടിക്കാഴ്‌ച നടത്തിയത്. ലോകകപ്പിൽ പാകിസ്ഥാനെതിരെ ഒക്‌ടോബർ ഇരുപത്തിനാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

കോലിക്ക് ക്യാപ്റ്റന്‍സി നിര്‍ണായകം

ഐസിസി ചാമ്പ്യൻഷിപ്പുകളിൽ പടിക്കൽ കലമുടയ്‌ക്കുന്ന പതിവ് തുടർന്നാൽ വിരാട് കോലിയുടെ ക്യാപ്റ്റൻസി പോലും തെറിച്ചേക്കാം. കോലിക്ക് കീഴിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോറ്റ ഇന്ത്യ 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലും 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയിലും തോറ്റു. ഇനിയൊരു തിരിച്ചടി കൂടി കോലിയും ബിസിസിഐയും ആഗ്രഹിക്കുന്നില്ല. 

താരങ്ങളെ സംബന്ധിച്ച് വരും നാളുകൾ ഏറെ നിർണായകമാണ്. പേസര്‍മാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുമ്രക്കും പരിക്കേൽക്കാതെ നോക്കണം. മധ്യനിരയിൽ ശ്രേയസ് അയ്യരാണോ സൂര്യകുമാർ യാദവാണോ കളിക്കേണ്ടത്, യുസ്‍വേന്ദ്ര ചഹലിനും രവീന്ദ്ര ജഡേജയ്‌ക്കുമൊപ്പം സ്‌പിന്നർമാർ ആരൊക്കെ വേണം എന്നതടക്കം ലോകകപ്പിന് മുൻപ് കോലിക്കും ബിസിസിഐക്കും മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. 

സ്‌കോര്‍ എത്രയെന്ന് ഇംഗ്ലീഷ് ആരാധകര്‍; വായടപ്പിച്ച് സിറാജിന്‍റെ മറുപടി- വീഡിയോ വൈറല്‍

നാണക്കേടിന്‍റെ പടുകുഴിയില്‍ കോലി; റണ്‍മെഷീന് ഇതെന്ത് പറ്റി!

വീണ്ടും പറയിപ്പിച്ച് ഇംഗ്ലീഷ് കാണികള്‍; സിറാജിന് നേര്‍ക്ക് പന്ത് വലിച്ചെറിഞ്ഞു, അസ്വസ്ഥനായി കോലി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona