പുതിയ നിര്‍ദേശം അനുസരിച്ച് കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നല്‍കുന്ന രീതിയിലാണ് പ്രതിഫലഘടന മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്.

മുംബൈ: യുവതാരങ്ങള്‍ക്കിടയില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താല്‍പര്യം കൂട്ടാനായി പുതിയ നീക്കവുമായി ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് യുവതാരങ്ങള്‍ ഐപിഎല്ലിന് പിന്നാലെ പോവുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് താരങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കാന്‍ ബിസിസിഐ തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഇത്തവണത്തെ ഐപിഎല്ലിനൊടുവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നിര്‍ദേശം അനുസരിച്ച് കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നല്‍കുന്ന രീതിയിലാണ് പ്രതിഫലഘടന മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്. യുവതാരങ്ങളായ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതെ ടി20 ടൂര്‍ണമെന്‍റിലും ഐപിഎല്ലിലും കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ടെസ്റ്റ് ടീമില്‍ നിന്ന് വിട്ടു നിന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ നീക്കം നടത്തുന്നത്.

ബാസ്ബോളിന്‍റെ കാറ്റൂരിയ പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസിനെ പിന്നിലാക്കി ഇന്ത്യ രണ്ടാമത്

നിലവില്‍ വാര്‍ഷിക കരാറില്‍ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്. ഏകദിനത്തില്‍ ഇത് ആറ് ലക്ഷവും ടി20യില്‍ മൂന്ന് ലക്ഷവുമാണ്. മാച്ച് ഫീസ് ഇനത്തില്‍ വര്‍ധന വരുത്തിയില്ലെങ്കിലും കൂടുതല്‍ ടെസ്റ്റ് കളിക്കുന്നവര്‍ക്ക് വാര്‍ഷിക ബോണസ് എന്ന രീതിയില്‍ കൂടുതല്‍ തുക നല്‍കുക എന്നതാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാന്‍ കിഷന്‍ ബിസിസിഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ച ശ്രേയസ് അയ്യരാകട്ടെ പുറം വേദനയുണ്ടെന്ന് പറഞ്ഞ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നു. പരിക്കൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടും രഞ്ജി ട്രോഫിയില്‍ മുംബൈക്കായി ക്വാര്‍ട്ടറില്‍ കളിക്കാന്‍ ശ്രേയസ് തയാറായില്ല. ഇതാണ് ടെസ്റ്റ് കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലമെന്ന നിലപാടിലേക്ക് ബിസിസിഐയെ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക