മുംബൈ: കളിക്കാര്‍ ഒരു പരമ്പര പൂര്‍ത്തിയാക്കി വിമാനത്തില്‍ അടുത്ത പരമ്പരക്കായി സ്റ്റേഡിയത്തില്‍ വന്നിറങ്ങുന്ന കാലം വിദൂരമല്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി. കടുത്ത മത്സരക്രമത്തെ പരാമര്‍ശിച്ചായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നടത്തി വാര്‍ത്താ സമ്മേളനത്തില്‍ കോലി അഭിപ്രായം പങ്കുവെച്ചത്. ഞായറാഴ്ച നാട്ടില്‍ ഓസ്ട്രേലിക്കെതിരായ മൂന്നാം ഏകദിനം കളിച്ചശേഷം ഒരാഴ്ചപോലും തികയുന്നതിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങുന്നതിനെക്കുറിച്ചായിരുന്നു കോലിയുടെ പരാമര്‍ശം.

എന്നാല്‍ മത്സരക്രമത്തില്‍ പരാതിയുണ്ടായിരുന്നെങ്കില്‍ അത് ന്യൂസിലന്‍ഡില്‍ പോയല്ല ബിസിസിഐയുടെ ക്രിക്കറ്റ് ഭരണ സമിതി മുമ്പാകെയായിരുന്നു കോലി പറയേണ്ടിയിരുന്നതെന്ന് ബിസിസിഐവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരാതി പറയാനും ചോദ്യം ചോദിക്കാനും കോലിക്ക് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ അത് പറയേണ്ട വേദിയിലാവണം. കളിക്കാരുടെ താല്‍പര്യവും ക്ഷേമവും നോക്കിയാണ് യാത്രയും മത്സരങ്ങളും തയാറാക്കുന്നത്. ലോകകപ്പിനുശേഷം താരങ്ങള്‍ക്ക് പരമാവധി വിശ്രമം നല്‍കാന്‍ ശ്രമിച്ചിരുന്നു. അതുപോലെ ദീപാവലി വേളയിലും കളിക്കാര്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം ഒരുക്കി.

ക്രിക്കറ്റ് ഭരണസമിതിയാണ് മത്സരക്രമവും കളിക്കാരുടെ യാത്രയുമെല്ലാം തീരുമാനിക്കുന്നതെന്ന് ബിസിസിഐയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഏജന്‍സിയോട് പറഞ്ഞു. ഇതില്‍ കോലിക്കോ ടീമിലെ മറ്റേതെങ്കിലും കളിക്കാരനോ പരാതിയുണ്ടെങ്കില്‍ ഉന്നയിക്കാവുന്നതാണെന്നും അല്ലാതെ മാധ്യമങ്ങളോടായിരുന്നില്ല ഇത് പറയേണ്ടിയിരുന്നതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇക്കാര്യം ബിസിസിഐ സെക്രട്ടറിയോട് പറഞ്ഞിരുന്നുവങ്കിലും അത് അദ്ദേഹം പിരഗണിച്ചേനെ. കാര്യങ്ങള്‍ തുറന്നുപറയാനുള്ള എല്ലാ സ്വാതന്ത്ര്യവും കോലിക്കും ടീം അംഗങ്ങള്‍ക്കുമുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കളിക്കാര്‍ ഒരു പരമ്പര പൂര്‍ത്തിയാക്കി വിമാനത്തില്‍ അടുത്ത പരമ്പരക്കായി സ്റ്റേഡിയത്തില്‍ വന്നിറങ്ങുന്ന കാലമാണ് വരാനിരിക്കുന്നത് എന്നായിരുന്നു കോലിയുടെ വാക്കുകള്‍. രണ്ട് പരമ്പരകള്‍ക്കിടിയിലുള്ള സമയം അത്രത്തോളം കുറഞ്ഞു വരികയാണെന്നും ഇന്ത്യയെക്കാള്‍ ഏഴര മണിക്കൂര്‍ മുമ്പിലുള്ള ന്യൂസിലന്‍ഡ് പോലുള്ള ഒരു രാജ്യത്ത് കളിക്കുമ്പോള്‍ ഇത് കളിക്കാരെ ബാധിക്കുമെന്നും കോലി പറഞ്ഞിരുന്നു. ഭാവിയില്‍ മത്സരക്രമം തീരുമാനിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാമ് പ്രതീക്ഷയെന്നും കോലി വ്യക്തമാക്കിയിരുന്നു.