കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തെ തുടർന്ന് നിശ്ചലമായ നഗരങ്ങളിലൊന്നാണ് കൊല്‍ക്കത്ത. ആളൊഴിഞ്ഞ തെരുവുകളും തിരക്കുകളില്ലാത്ത ഹൌറ പാലവുമാണ് അവിടുത്തെ ദിവസങ്ങളായുള്ള കാഴ്‍ച. ഈ അസാധാരണ സാഹചര്യത്തില്‍ തന്‍റെ പ്രിയപ്പെട്ട കൊല്‍ക്കത്തയെ നെഞ്ചോടുചേർക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൌരവ് ഗാംഗുലി. 

Read more: ഐപിഎല്‍ ഇക്കുറി നടക്കുമോ; മറുപടിയുമായി സൌരവ് ഗാംഗുലി

'എന്‍റെ നഗരത്തെ ഇങ്ങനെ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക. നല്ല നാളേക്കായി ഇതെല്ലാം ഉടന്‍ മാറും. ഏവർക്കും സ്നേഹവും വാല്‍സല്യവും'- ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദാദ ട്വീറ്റ് ചെയ്തു. 

ബംഗാളിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് കരുത്തുപകർന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് സൌരവ് ഗാംഗുലി. സർക്കാരിന്‍റെ നിർദേശങ്ങള്‍ പാലിച്ച് എല്ലാവരും സുരക്ഷിതരായിരിക്കണം എന്ന കൊല്‍ക്കത്ത പൊലീസിന്‍റെ ട്വീറ്റ് ഗാംഗുലി പങ്കുവെച്ചിരുന്നു. എല്ലാവരും ഒരുമിച്ച് പോരാടണമെന്നും നമ്മളീ പ്രതിസന്ധിയെ മറികടക്കുമെന്നും പറഞ്ഞുകൊണ്ട് വീഡിയോയിലൂടെയും ഗാംഗുലി രംഗത്തെത്തി. 

'ആവശ്യമെങ്കില്‍ ഈഡന്‍ താല്‍ക്കാലിക ആശുപത്രിയാക്കും'

സർക്കാർ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാർഡന്‍സ് ക്രിക്കറ്റ് ഗ്രൌണ്ടിലെ ഇന്‍ഡോർ സൌകര്യങ്ങളും താരങ്ങളുടെ ഡോർമറ്ററിയും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി. കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ ദാദ സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തിലെ ഏറ്റവും മികച്ച പോംവഴിയാണ് ലോക്ക് ഡൌണ്‍ എന്നാണ് സൌരവ് ഗാംഗുലിയുടെ വിലയിരുത്തല്‍. 

Read more: ടി20 ലോകകപ്പും കൊവിഡ് ഭീഷണിയില്‍..? ചര്‍ച്ചയ്‌ക്കൊരുങ്ങി ഐസിസി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക