രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാറിന് കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല.

മുംബൈ: ഇന്ത്യൻ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാർ യാദവ് ഐപിഎല്ലിലും മോശം ഫോം തുടരുന്നതാണ് സെലക്ഷൻ കമ്മിറ്റി കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കാരണം. സൂര്യകുമാറിന് പകരം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി നായകാനായി തിളങ്ങുന്ന ശ്രേയസ് അയ്യരെ ടി20 നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2028 ലോകകപ്പും ഒളിംപിക്സും വരെ ക്യാപ്റ്റനായി തുടരാന്‍ 35കാരനായ സൂര്യകുമാര്‍ യാദവ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെലക്ടർമാർക്ക് അനുകൂല നിലപാടല്ല ഉള്ളത്.

രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാറിന് കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഏഷ്യാ കപ്പില്‍ കിരീടം നേടുകയും ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും സൂര്യയുടെ വ്യക്തിഗത ഫോമാണ് കടുത്ത തീരുമാനമെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് കരുതുന്നത്. ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി 10 മത്സരങ്ങളിൽ നിന്ന് വെറും 195 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 9 ഇന്നിംഗ്സില്‍ നിന്ന് 242 റണ്‍സ് നേടിയെങ്കിലും ഇതില്‍ 84 റണ്‍സും അമേരിക്കക്കെതിരെ ആയിരുന്നു. ഫൈനലില്‍ അടക്കം വലിയ ടീമുകള്‍ക്കെതിരെ സമ്മര്‍ദ്ദഘട്ടങ്ങളിലൊന്നും സൂര്യക്ക് മികവ് കാട്ടാനായില്ല.

കഴിഞ്ഞ കുറച്ചു കാലമായി സൂര്യകുമാര്‍ പരിക്കിന്‍റെ പിടിയിലാണെന്നും കൈത്തണ്ടയിലെ പരിക്ക് മൂലം കടുത്ത വേദന സഹിച്ചാണ് ബാറ്റ് ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സൂര്യയെ ബാറ്ററായി ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ പോലും സെലക്ടർമാർക്കിടയിൽ ഭിന്നതയുണ്ട്. രണ്ട് വർഷത്തോളമായി ടി20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യർ, ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലിൽ ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്ന ശ്രേയസ് ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ടീമിനെ ജയിപ്പിച്ചു. 9 ഇന്നിംഗ്‌സുകളിൽ നിന്ന് 333 റൺസുമായി ശ്രേയസ് ബാറ്റിംഗിലും തിളങ്ങി.

ഐപിഎല്ലിന് ശേഷമുള്ള അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ മുതൽ ശ്രേയസ് അയ്യർ ടീമിനെ നയിച്ചേക്കും. ലോകകപ്പ് വിജയത്തിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നത്. അവസാന നിമിഷം മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ശ്രേയസ് തന്നെയാകും ഇന്ത്യയുടെ അടുത്ത ടി20 നായകൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക