ഈ വര്‍ഷമാദ്യം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫി മത്സരം കാണാന്‍ ബിസിസിഐ ഉന്നതരും സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളും ബോളിവുഡ് സെലിബ്രിറ്റികളും സ്റ്റേഡിയത്തിലെത്തിയിരുന്നു.
മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെ മത്സരത്തില്‍ നിന്ന് വിട്ടു നിന്ന് ബഹിഷ്കരിക്കാന്‍ ബിസിസിഐ. ഏഷ്യാ കപ്പിന്‍റെ ആതിഥേയര്‍ ബിസിസിഐ ആണെഎങ്കിലും ഞായറാഴ്ച ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാൻ ബിസിസിഐ ഉന്നതരാരും എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഇന്ത്യയില്‍ നടക്കേണ്ട ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റിയത്.
സാധാരണ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ ബിസിസിഐ ഉന്നതരും സെലിബ്രിറ്റികളുമെല്ലാം സ്റ്റേഡിയത്തില്‍ എത്താറുണ്ടെങ്കിലും ബഹിഷ്കരണാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ അധികം പേരൊന്നും മത്സരം നേരില്‍ കാണാന്‍ യുഎഇയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഈവര്‍ഷമാദ്യം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫി മത്സരം കാണാന്‍ ബിസിസിഐ ഉന്നതരും സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളും ബോളിവുഡ് സെലിബ്രിറ്റികളും സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ നാളെ നടക്കുന്ന മത്സരം കാണാന്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ബിസിസിഐ വൈസ് പ്രസിഡന്‍റായ രാജീവ് ശുക്ല മാത്രമാകും ബിസിസിഐയെ പ്രതിനിധീകരിച്ച് എത്തുക എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനെതിരെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും എതിർപ്പുമായി രംഗത്തുവന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണശേഷം ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് പറഞ്ഞ് പാകിസ്ഥാനുമായുള്ള നദീജല കരാര്‍ പോലും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് യുദ്ധവും ക്രിക്കറ്റും ഒരുമിച്ച് നടത്തുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിച്ചിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വലിയ സ്ക്രീനില്‍ സംപ്രേഷണം ചെയ്യുന്ന ഹോട്ടലുകള്‍ ബഹിഷ്കരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും ആഹ്വാനം ചെയ്തിരുന്നു.
ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങള്‍ ആധികാരികമായി ജയിച്ച ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാനാണ് നാളെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തപ്പോള്‍ പാകിസ്ഥാന്‍ ഒമാനെ 93 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.


