നഖ്‌വിയുടെ നടപടിക്കെതിരെ നേരത്തെ ഐസിസിക്ക് പരാതി നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിലക്കാന്‍ ബിസിസിഐ ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിക്കാതെ പോയ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബിസിസിഐ. നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമന്ന് ഐസിസിയോട് ആവശ്യപ്പെടാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നഖ്‌വിയുടെ നടപടിക്കെതിരെ നേരത്തെ ഐസിസിക്ക് പരാതി നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയെ ഐസിസി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിലക്കാന്‍ ബിസിസിഐ ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐ ആവശ്യം ഐസിസി അംഗീകരിച്ചാല്‍ നഖ്‌വിക്ക് അത് കടുത്ത പ്രഹരമാകും അത്. മുന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഐസിസി ചെയര്‍മാന്‍ എന്നതിനാല്‍ ബിസിസിഐയുടെ ആവശ്യത്തോട് ഐസിസി അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിനുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) ദുബായിലെ ഓഫീസില്‍ തന്നെ സൂക്ഷിക്കണമെന്നും തന്‍റെ സാന്നിധ്യത്തിലല്ലാതെ ട്രോഫി കൈമാറരുതെന്നും മൊഹ്സിന്‍ നഖ്‌വി നിര്‍ദേശിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലപാടിലുറച്ച് ബിസിസിഐ

ഏഷ്യാ കപ്പ് ഫൈനലിനുശേഷം മൊഹ്സിൻ നഖ്‌‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യൻ ടീം നിലപാട് എടുത്തതിനെ തുടര്‍ന്ന് നഖ്‌വി കിരീടവുമായി ഗ്രൗണ്ട് വിടുകയായിരുന്നു. ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിനുള്ള ട്രോഫി ബിസിസിഐ ആസ്ഥാനത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് വിട്ടുനല്‍കാന്‍ നഖ‌്‌വി ഇതുവരെ തയാറിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാല്‍ താന്‍ തന്നെയായിരിക്കും ട്രോഫി നല്‍കുകെന്നും നഖ്‌വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കാനും താനറിയാതെ ആര്‍ക്കും കൈമാറരുതെന്നും നഖ്‌വി കര്‍ശന നിര്‍ദേശം നല്‍കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടിക്കിടെ പാക് ആഭ്യന്തര മന്ത്രി കൂടിയായി നഖ്‌വി ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യൻ താരങ്ങള്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റു വാങ്ങില്ലെന്ന നിലപാടെടുത്തത്. നഖ്‌വി കിരീടം സമ്മാനിക്കാതെ മടങ്ങിയപ്പോള്‍ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങള്‍ ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക