ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മതത്തിനും സമ്പത്തിനും അപ്പുറം ചിന്തിച്ച്, പരസ്പരം സഹായിക്കാൻ മനുഷ്യർ തയ്യാറാകണമെന്ന അഭ്യർത്ഥനയുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. എല്ലാവരും ആ​ഗോളശക്തിയായി ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടണമെന്ന് യൂട്യൂബ് വീഡിയോയിലൂടെ അക്തർ ആഹ്വാനം ചെയ്തു. അധികാരികൾ നൽകുന്ന മാർ​ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ലോകമെമ്പാടുമുള്ള എന്റെ ആരാധകരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. കൊറോണ വൈറസ് ഒരു ആ​ഗോള പ്രതിസന്ധിയാണ്. മതത്തിനപ്പുറം നിന്ന് ആ​ഗോള ശക്തിയായി നാം പ്രവർത്തിക്കേണ്ട സമയമാണിത്. വൈറസ് പടരാതിരിക്കാൻ വേണ്ടിയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടാൽ വൈറസ് വ്യാപനം തടയാൻ സാധ്യമല്ല.' അക്തർ പറഞ്ഞു.

'അവശ്യ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നത് ശരിയായ നടപടിയല്ല. ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്റ്റോറുകൾ എല്ലാം ശൂന്യമാണ്. മൂന്ന് മാസത്തിന് ശേഷം നിങ്ങൾ ജീവിച്ചിരിക്കുമെന്ന് എന്താണുറപ്പ്? ദിവസവേതനക്കാർ അവരുടെ കുടുംബത്തെ എങ്ങനെ പോറ്റും? അത്തരം ആളുകളെക്കുറിച്ച് ചിന്തിക്കുക. ഹിന്ദുവായോ മുസ്ലീമായോ അല്ല, മനുഷ്യനായി ചിന്തിക്കേണ്ട സമയമാണിത്. പരസ്പരം സഹായിക്കുക, അതിന് വേണ്ടി ഫണ്ടുകൾ സമാഹരിക്കുക. അവശ്യ വസ്തുക്കൾ പൂഴ്ത്തിവയ്ക്കരുത്.' ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാൻ സമ്പന്നർക്ക് എളുപ്പം സാധിക്കുമെന്നും, അതേ സമയം ദരിദ്രർ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. 

കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ ചൈനക്കാർക്കെതിരെ വൻവിമർശനവുമായി അക്തർ രം​ഗത്തെത്തിയിരുന്നു. ലോകം മുഴുവൻ കൊറോണ വ്യാപിക്കാൻ കാരണമായത് ചൈനക്കാരുടെ ഭക്ഷണ രീതിയാണ് എന്നായിരുന്നു അക്തറിന്റെ കുറ്റപ്പെടുത്തൽ. 'എനിക്ക് മനസ്സിലാവുന്നില്ല, നിങ്ങൾ എന്തിനാണ് വവ്വാലുകളെ തിന്നുകയും അവയുടെ രക്തവും മൂത്രവും കുടിക്കുകയും ചെയ്യുന്നതെന്ന്. എന്നിട്ട് ലോകം മുഴുവൻ വൈറസ് പടർത്തുകയാണ്. ഞാൻ ചൈനക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. അവർ ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി. നിങ്ങൾ എന്തിനാണ് പട്ടികളെയും വവ്വാലുകളെയും തിന്നുന്നത്?' അക്തർ ചോദിച്ചു. 

'എനിക്ക് ചൈനയോട് വിരോധമൊന്നുമില്ല. ഞാൻ ആ മൃഗങ്ങളുടെ അവസ്ഥയാണ് ആലോചിക്കുന്നത്. ഇതൊക്കെ തിന്നുന്നത് നിങ്ങളുടെ സംസ്കാരം ആയിരിക്കാം. അത് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ എല്ലാത്തിനും ചില പരിധികളുണ്ട്. നിങ്ങൾ എന്തും എങ്ങനെയും തിന്നാമെന്ന് കരുതരുത്,' അക്തർ പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. അനു​ദിനം ലോകത്തിലെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാഴ്ത്തിയാണ് കൊറോണ ബാധ വ്യാപിക്കുന്നത്. പാകിസ്ഥാനിൽ 800 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.