ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആതിഥേയരായ പാകിസ്ഥാന് കനത്ത തിരിച്ചടി, ശ്രീലങ്കക്കെതിരെ നാണംകെട്ട് ഓസ്ട്രേലിയ
ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് ന്യൂസിലൻഡ് തകർത്തു. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാകിസ്ഥാന് കനത്ത തിരിച്ചടിയാണിത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയും നാണം കെട്ടു.

കൊളംബോ: ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആതിഥേയരായ പാകിസ്ഥാന് കനത്ത തിരിച്ചടിയായി ത്രിരാഷ്ട്ര പരമ്പരയിലെ തോല്‍വി. പാകിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. 243 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കേ ന്യൂസിലന്‍ഡ് മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനാണ് ടോപ് സ്കോറർ. ആഗ സല്‍മാന്‍(45), തയ്യബ് താഹിര്‍(38), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം(29) ഒരിക്കല്‍ കൂടി വലിയ സ്കോര്‍ നേടാതെ പുറത്തായി. മറുപടി ബാറ്റിംഗില്‍ വില്‍ യംഗിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെ(48), കെയ്ന്‍ വില്യംസണ്‍(34), ഡാരില്‍ മിച്ചല്‍(57), ടോം ലാഥം(56), ഗ്ലെന്‍ ഫിലിപ്സ്(20*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് അനായാസം മറികടന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. നേരത്തെ ഗ്രൂപ്പ ഘട്ടത്തിലും ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ 78 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു.
ശ്രീലങ്കക്കെതിരെ നാണംകെട്ട് ഓസീസ്
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നാണംകെട്ട് ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ. രണ്ടാം ഏകദിനത്തിൽ 174 റൺസിന്‍റെ കൂറ്റൻ തോൽവിയാണ് ഓസീസ് വഴങ്ങിയത്. 282 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കങ്കാരുക്കൾ വെറും 107 റൺസിന് പുറത്തായി. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ശ്രീലങ്ക നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ടോപ് സ്കോറർ. പ്രധാന മുൻനിര ബാറ്റർമാരെല്ലാം ശ്രീലങ്കൻ ബൗളിംഗിന് മുന്നിൽ അടിപതറി.
വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ-ഡല്‍ഹി പോരാട്ടം, മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍
സ്പിന്നർ ദുനിത് വെല്ലലഗെ 4 വിക്കറ്റ് വീഴ്ത്തി. വനിന്ദു ഹസരംഗയും അസിത ഫെർണാണ്ടോയും 3 വിക്കറ്റ് വീതം നേടി. സെഞ്ച്വറി കുറിച്ച കുശാൽ മെൻഡിസ്, അർധ സെഞ്ച്വറി നേടിയ ചരിത് അസലങ്ക, നിശാൻ മധുഷ്ക എന്നിവരുടെ ഇന്നിംഗ്സാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച് സ്വന്തം നാട്ടിൽ നടന്ന ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് കനത്ത തിരിച്ചടിയാണ് ശ്രീലങ്കയിലെ വമ്പൻ തോൽവി. ചാമ്പ്യൻസ് ട്രോഫിയില്‍ പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം കൊണ്ട് ദുര്‍ബലരായ ലോക ചാമ്പ്യൻമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ശ്രീലങ്കക്കെതിരായ കനത്ത തോല്‍വി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
