2008-ലെ ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ വെറും 13 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് മെൻഡിസ് ഈ നേട്ടം കൈവരിച്ചത്.
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് അടുത്തമാസം യുഎഇയില്‍ തുടക്കമാകുമ്പോള്‍ ആരാധകര്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. 10 ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഏഷ്യാ കപ്പിന്‍റെ ചരിത്രമെടുത്താല്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ക്ക് വീറും വാശിയുമേറുമെങ്കിലും പാകിസ്ഥാനെപ്പോലെ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയ ടീമാണ് ശ്രീലങ്കയും.
ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റില്‍ നടന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പോലും ഇന്ത്യക്കെതിരെ ഒരു ശ്രീലങ്കന്‍ ബൗളറുടെ പേരിലാണ്. 2008ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ വെറും13 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത അജാന്ത മെന്‍ഡിസിന്‍റെ പേരിലാണ് ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സനത് ജയസൂര്യയുടെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ 49.5 ഓവറില്‍ 273 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 39.3 ഓവറില്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി 100 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 60 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗും 49 റണ്‍സടിച്ച ധോണിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ പിടിച്ചുനിന്നത്. സെവാഗ്, റെയ്ന,യുവരാജ്, രോഹിത് ശര്‍മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍ പി സിംഗ് എന്നിവരെയാണ് മെന്‍ഡിസ് തന്‍റെ മിസ്റ്ററി സ്പിന്നില്‍ വട്ടം കറക്കി വീഴ്ത്തിയത്.
ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ മികച്ച ബൗളിംഗ് പ്രകടനം ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പേരിലാണ്. കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ ഫയറായി മാറിയ സിറാജ് 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ എറിഞ്ഞിട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റുമെടുത്തു. 6.1 ഓവറില്‍ വിജയലക്ഷ്യമായ 51 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ ജേതാക്കളുമായി.
മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്‍റെ അക്വിബ് ജാവേദാണ്. 1995ല്‍ ഇന്ത്യക്കെതിരെ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തത്. ഇന്ത്യൻ താരങ്ങളില്‍ കുല്‍ദീപ് യാദവ് 2023ല്‍ പാകിസ്ഥാനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് ഏഷ്യാ കപ്പ് ചരിത്രത്തിലെ മികച്ച അഞ്ചാമത്തെ ബൗളിംഗ് പ്രകടനത്തിന് ഉടമയായിരുന്നു.


