ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ എം എസ് ധോണിയാണെന്ന് മുൻ താരം ഇർഫാൻ പത്താൻ. 2009ലെ ന്യൂസിലൻഡ് പര്യടനത്തിൽ കോച്ച് ഗാരി കിർസ്റ്റനുമായുള്ള സംഭാഷണത്തിലൂടെയാണ് ഇക്കാര്യം മനസ്സിലായതെന്നും പത്താൻ പറഞ്ഞു.
ബറോഡ: ഇന്ത്യൻ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നില്‍ മുന്‍ നായകന്‍ എം എസ് ധോണിയാണെന്ന് തുറന്നുപറഞ്ഞ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. 2008ല്‍ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ഇര്‍ഫാന്‍ പത്താന് അതേവര്‍ഷം അവസാനം ഏകദിന ടീമില്‍ നിന്നും പുറത്തായിരുന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം 2012ല്‍ വീണ്ടും ഏകദിന ടീമില്‍ തിരിച്ചെത്തിയെങ്കിലും 12 മത്സരങ്ങള്‍ കൂടി കളിക്കാനെ ഇര്‍ഫാന്‍ പത്താന് അവസരം ലഭിച്ചിരുന്നുള്ളു. ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയുമെല്ലാം ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ പത്താന്‍ ടീമിന് പുറത്താവുകയായിരുന്നു. 2020ലാണ് പത്താന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
2009ലാണ് ധോണി തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന്ന് പത്താന്‍ ലല്ലൻടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2009ലെ ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്നു അത്. അതിന് തൊട്ടു മുമ്പ് നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജയിക്കാന്‍ 27-28 പന്തില്‍ 60 റണ്‍സ് വേണമെന്ന ഘട്ടത്തിൽ ഞാനും സഹോദരന്‍ യൂസഫ് പത്താനും ചേര്‍ന്ന് ടീമിനെ അവിശ്വസനീയ ജയത്തിലെത്തിച്ചിരുന്നു. എന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താവില്ലായിരുന്നു. പക്ഷെ പിന്നീട് നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ ഒരു മത്സരത്തില്‍ പോലും എനിക്ക് അവസരം ലഭിച്ചില്ല. അതിനെക്കുറിച്ച് കോച്ചായ ഗാരി കിര്‍സ്റ്റനോട് ഞാന്‍ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
അന്ന് കിര്‍സ്റ്റന്‍ പറഞ്ഞ ആദ്യത്തെ മറുപടി ചില കാര്യങ്ങളുടെ നിയന്ത്രണം തന്‍റെ കൈകളിലല്ല എന്നായിരുന്നു. പിന്നെ ആരുടെ കൈകളിലാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിന് അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ എനിക്കറിയാമായിരുന്നു അത് ധോണിയുടെ കൈകളിലാണെന്ന്. പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റന്‍റെ അധികാരത്തില്‍ പെടുന്നതാണെന്ന് ഞാന്‍ അംഗീകരിക്കുന്നു. അത് തെറ്റാണെന്നോ ശരിയാണെന്നോ ഒന്നും ഞാന്‍ പറയുന്നില്ല. ഓരോ ക്യാപ്റ്റനും ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ അവരുടേതായ വഴികളുണ്ടാകുമല്ലോ.
രണ്ടാമത് കിര്‍സ്റ്റൻ പറഞ്ഞ മറുപടി ഇന്ത്യൻ ടീമിന് ആ സമയം വേണ്ടത് ഒരു ബാറ്റിംഗ് ഓൾ റൗണ്ടറെ ആണെന്നതായിരുന്നു. ശരിയാണ് യൂസഫ് ബാറ്റിംഗ് ഓൾ റൗണ്ടറും, ഞാന്‍ ബൗളിംഗ് ഓള്‍ റൗണ്ടറുമാണ്. ഇന്നത്തെ കാലത്താണെങ്കില്‍ ഏത് ടീമും ബാറ്റിംഗ് ഓള്‍ റൗണ്ടറെയും ബൗളിംഗ് ഓള്‍ റൗണ്ടറെയും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചേനെയെന്നും പത്താന്‍ പറഞ്ഞു.


