സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുകയും ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലോ മറ്റോ ഇറങ്ങുകയും അല്ലേ വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയെങ്കിലും ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റം നിര്‍ദേശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യൻ ടീം കിരീടം നേടിയതില്‍ അഭിമാനിക്കുമ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ലെന്ന് ശശി തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
വിജയകരമായ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് അതില്‍ പ്രധാനം. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള സഞ്ജുവിനെ അത്ര പരിചിതമല്ലാത്ത മധ്യനിരയിലേക്ക് ഇറക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ. സഞ്ജുവിന് പകരം ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം ഈ മാറ്റത്തെ നീതികരിക്കുന്നതാണോ.
സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുകയും ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലോ മറ്റോ ഇറങ്ങുകയും അല്ലേ വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. അതേസമയം ഏഷ്യാ കപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത ടീമിനെ അഭിനന്ദിക്കാനും ശശി തരൂര്‍ മറന്നില്ല.
പലപ്പോഴും ടീം സെലക്ഷന്‍റെ പേരില്‍ ചീത്തവിളി കേള്‍ക്കാറുള്ള കോച്ച് ഗൗതം ഗംഭീറും സെലക്ടര്‍മാരും പെര്‍ഫെക്ട് ടീമിനെ തന്നെയാണ് ഏഷ്യാ കപ്പിനായി തെരഞ്ഞെടുത്തതെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നില്ലായിരുന്നെങ്കില്‍ അവരായിരുന്നു ആദ്യം പഴി കേള്‍ക്കേണ്ടി വരികയെന്നും ഇത്തവണ എല്ലാം കൃത്യമായി ചെയ്ത അവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.


