2018ന് ശേഷം 40+ ബാറ്റിംഗ് ശരാശരിയും അമ്പതിലേറെ വിക്കറ്റുമുള്ള ഏക താരമാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ
നാഗ്‌പൂര്‍: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. നിലവില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ജഡ്ഡു പരിക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലാണ് ജഡേജയുടെ ഈ മിന്നും പ്രകടനം. 2018ന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടറായി ജഡേജയ്ക്ക് എതിരാളികളേയില്ല എന്നതാണ് സത്യം.
2018ന് ശേഷം 40+ ബാറ്റിംഗ് ശരാശരിയും അമ്പതിലേറെ വിക്കറ്റുമുള്ള ഏക താരമാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. 2018ന് ശേഷം ടെസ്റ്റില്‍ 1404 റണ്‍സും 82 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം. തൊട്ടുപിന്നിലുള്ള ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് 3173 റണ്‍സും 98 വിക്കറ്റുമുണ്ട്. എന്നാല്‍ ബാറ്റിംഗ് ശരാശരിയിലും ബൗളിംഗ് ശരാശരിയിലും ജഡേജയ്ക്ക് പിന്നിലേയുള്ളൂ സ്റ്റോക്‌സ്. ജഡേജയുടെ ബാറ്റിംഗ് ശരാശരി 48.41 ഉം ബൗളിംഗ് ശരാശരി 25.73 ഉം എങ്കില്‍ സ്റ്റോക്‌സിന്‍റേത് യഥാക്രമം 36.47 ഉം 30.11 ഉം ആണ്. 29.89 ശരാശരിയില്‍ 1405 റണ്‍സും 24.23 ശരാശരിയില്‍ 92 വിക്കറ്റുമായി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഓസീസിനെതിരായ നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനമാണ് രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 22 ഓവര്‍ പന്തെറിഞ്ഞ ജഡേജ 47 റണ്‍സിനാണ് അഞ്ച് വിക്കറ്റ് പേരിലാക്കിയത്. ഓസീസിന്‍റെ ബാറ്റിംഗ് വന്‍മതിലുകളായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റുകള്‍ ജഡേജ കവര്‍ന്നു. ഇതോടെ ഓസീസ് വെറും 177 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ജഡേജ 114 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. ടെസ്റ്റ് കരിയറില്‍ ആറാം തവണയാണ് ഒരേ മത്സരത്തില്‍ ജഡ്ഡു ഫിഫ്റ്റിയും അഞ്ച് വിക്കറ്റും നേടുന്നത്.
ഒരേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ഫിഫ്റ്റിയും; സര്‍ രവീന്ദ്ര ജഡേജയ്ക്ക് റെക്കോര്‍ഡ്
