അഹമ്മദാബാദിലേക്ക് എത്തുമ്പോള്‍ സ്റ്റീവന്‍ സ്‍മിത്തിന്‍റെ പരിചയസമ്പത്ത് ടീം ഇന്ത്യക്ക് കൂടുതല്‍ ആശങ്ക സമ്മാനിക്കുന്നതാണ്
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിലും സ്റ്റീവ് സ്‍മിത്ത് ഓസ്ട്രേലിയയെ നയിച്ചേക്കും. അസുഖ ബാധിതയായ അമ്മയെ കാണാൻ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാലാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തിയേക്കില്ല. വ്യാഴാഴ്ച അഹമ്മദാബാദിലാണ് നാലാം ടെസ്റ്റ് തുടങ്ങുക. ദില്ലിയിൽ നടന്ന രണ്ടാം ടെസ്റ്റിന് ശേഷമാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ഇൻഡോറിലെ മൂന്നാം മത്സരത്തില്‍ സ്മിത്ത് ഓസീസിനെ നയിച്ചു. ടീമിനെ ഒൻപത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാന്‍ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നു.
അഹമ്മദാബാദിലേക്ക് എത്തുമ്പോള്‍ സ്റ്റീവന്‍ സ്‍മിത്തിന്‍റെ പരിചയസമ്പത്ത് ടീം ഇന്ത്യക്ക് കൂടുതല്‍ ആശങ്ക സമ്മാനിക്കുന്നതാണ്. കഴിഞ്ഞ ഇന്‍ഡോർ ടെസ്റ്റില്‍ സ്‍മിത്തിന്‍റെ ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡിംഗ് തന്ത്രങ്ങളുമെല്ലാം ശ്രദ്ധയാകർഷിച്ചിരുന്നു. നിലവില്‍ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിട്ട് നിൽക്കുകയാണ്. എങ്കിലും ഇന്ത്യയില്‍ മുമ്പ് ഓസീസ് ടീമിനെ നയിച്ച് നല്ല പരിചയമുള്ളയാളാണ് സ്‍മിത്ത് എന്നത് രോഹിത് ശർമ്മയും കൂട്ടരും കരുതിയിരിക്കണം. ഇതേസമയം നാലാം ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും. ഇൻഡോറിൽ വിശ്രമം അനുവദിച്ച ഷമിക്ക് പകരം ഉമേഷ് യാദവായിരുന്നു കളിച്ചത്. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്കുള്ള സൂചനയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഓസീസ് സ്ക്വാഡ്: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റർ ഹാന്‍സ്‍കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാർനസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മർഫി, മിച്ചല്‍ സ്റ്റാർക്ക്, മാറ്റ് കുനെമാന്‍.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
ഹർലീന്‍ ഡിയോള്‍ കാത്തു; യുപി വാരിയേഴ്സിനെതിരെ ഗുജറാത്തിന് മികച്ച സ്കോർ
