വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കര്‍ണാടക വിദര്‍ഭയ്‌ക്കെതിരെ 281 റണ്‍സ് വിജയലക്ഷ്യം വെച്ചു. കരുണ്‍ നായരുടെയും കൃഷ്ണന്‍ ശ്രീജിത്തിന്റെയും അര്‍ധസെഞ്ചുറികളാണ് കര്‍ണാടകയ്ക്ക് തുണയായത്. 

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ വിദര്‍ഭയ്ക്ക് 281 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കര്‍ണാടകയ്ക്ക് വേണ്ടി കരുണ്‍ നായര്‍ (76), കൃഷ്ണന്‍ ശ്രീജിത്ത് (54) മികച്ച പ്രകടനം പുറത്തെടുത്തു. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നാല്‍കണ്ഡെ അഞ്ച് വിക്കറ്റ് വീഴ്ത്തി. 49.4 ഓവറില്‍ കര്‍ണാടക എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തിട്ടുണ്ട്. അമന്‍ മൊഖാതെ (41), ധ്രുവ് ഷോറെ (40) എന്നിവരാണ് ക്രീസില്‍. അഥവര്‍വ തൈഡെ (6) പുറത്തായി.

മോശമായിരുന്നു കര്‍ണാടകയുടെ തുടക്കം. 20 റണ്‍സിനിടെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ (9), ദേവ്ദത്ത് പടിക്കല്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ കര്‍ണാടകയ്ക്ക് നഷ്ടമായി. സീസണില്‍ മികച്ച ഫോമിലുള്ള ദേവ്ദത്ത് മടങ്ങിയത് കര്‍ണാടകയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നീട് കരുണ്‍ - ധ്രുവ് പ്രഭാകര്‍ (28) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറിന്റെ അവസാന പന്തില്‍ ധ്രുവ് മടങ്ങിയെങ്കിലും കൂട്ടുകെട്ട് കര്‍ണാടകയ്ക്ക് നേരിയ ആശ്വാസം നല്‍കി. തുടര്‍ന്നാണ്് കര്‍ണാടക ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്.

കരുണ്‍ - ശ്രീജിത്ത് സഖ്യം 97 പന്തില്‍ 113 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറില്‍ കരുണിനെ മടക്കിയയച്ച് നാല്‍കണ്ഡെ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 90 പന്തുകള്‍ നേരിട്ട കരുണ്‍ ഒരു സിക്‌സും എട്ട് ഫോറും നേടിയിരുന്നു. വൈകാതെ ശ്രീജിത്തും പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ നിര്‍ണാക സംഭാവന നല്‍കി. ഇരുവരും മടങ്ങിയതിന് പിന്നാലെ വിജയകുമാര്‍ വൈശാഖും (17) സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. വിദ്യാധര്‍ പാട്ടീല്‍ (1), അഭിലാഷ് ഷെട്ടി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിദ്വത് കവേരപ്പ (1) പുറത്താവാതെ നിന്നു.

YouTube video player