മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതായിരുന്നു പ്രത്യേകത. ബയോ ബബിള്‍ സിസ്റ്റത്തില്‍ നിന്ന് ഇടവേളയെടുത്ത റിഷഭ് പന്തിന് (Rishabh Pant) പകരമാണ് സഞ്ജു ടീമിലെത്തിയത്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലേക്ക് തിരിച്ചെത്തിയെന്നുള്ളതായിരുന്നു പ്രത്യേകത. ബയോ ബബിള്‍ സിസ്റ്റത്തില്‍ നിന്ന് ഇടവേളയെടുത്ത റിഷഭ് പന്തിന് (Rishabh Pant) പകരമാണ് സഞ്ജു ടീമിലെത്തിയത്. പരിക്ക് മാറിയ രവീന്ദ്ര ജഡേജ (Ravindra Jadeja) തിരിച്ചെത്തിയും ചര്‍ച്ചയായി. സഞ്ജു ആയിരിക്കും വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയുക. ഇഷാന്‍ കിഷന്‍ ബാറ്ററായിട്ടും ടീമിലെത്തും.

വീണ്ടും ടീമിലെത്തിയ സഞ്ജുവിന് ആശംസയുമായി പ്രമുഖരെത്തി. ഇക്കൂട്ടിത്തില്‍ സഞ്ജുവിന്റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജുമുണ്ടായിരുന്നു. ഫേസബുക്കിലാണ് ബിജു ആശംസയുമായെത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ... ''അര്‍ഹതപ്പെട്ട സെലക്ഷന്‍, മികച്ച പ്രകടനം നടത്തുക.'' അദ്ദേഹം കുറിച്ചിട്ടു. ചെറുപ്പത്തില്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ സഞ്ജു മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ബിജു ജോര്‍ജിന്റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെയും ഫീല്‍ഡിംഗ് പരിശീലകനായിരുന്നു ബിജു ജോര്‍ജ്.

അതേസമയം പന്തിന് പുറമെ വിരാട് കോലിക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാരായുള്ളത്. ഓള്‍ റൗണ്ടറായി വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, എന്നിവരാണുള്ളത്. ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്.

നേരത്തെ പ്രഖ്യാപിച്ച മത്സരങ്ങളുടെ വേദിയിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ടി20 പരമ്പരയിലെ ആദ്യ മത്സരം ലഖ്‌നൗവിലും രണ്ടാമത്തെയും മൂന്നാമത്തെ മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. നേരത്തെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കായിരുന്നു ലഖ്‌നൗ വേദിയാവേണ്ടിയിരുന്നത്. മൊഹാലിയില്‍ നടത്താനിരുന്ന ടി20 മത്സരമാണ് ധര്‍മശാലയിലേക്ക് മാറ്റിയത്.

ടി20 പരമ്പരക്കുശേഷം നടക്കുന്ന ആദ്യ ടെസ്റ്റിന് മൊഹാലിയും രണ്ടാം ടെസ്റ്റിനും ബംഗലൂരുവും വേദിയാവും. ബംഗാലൂരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായിരിക്കും.

ഇന്ത്യയുടെ ടി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍. 

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര (വൈസ് ക്യാ്പറ്റന്‍).