ത്രിരാഷ്ട്ര ഫൈനൽ: പാകിസ്ഥാൻ-ന്യൂസിലന്‍ഡ് മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി 'ബ്ലാക്ക് ക്യാറ്റ്'; കളി തടസപ്പെട്ടു
നേരത്തെ പാകിസ്ഥാന്‍ ഇന്നിംഗ്സിനിടെ ബൗണ്ടറിക്ക് പുറത്തുകൂടി അലഞ്ഞുതിരിഞ്ഞ കരിംപൂച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

കറാച്ചി: പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിനിടെ ഗ്രൗണ്ടിലിറങ്ങി ബ്ലാക്ക് ക്യാറ്റ്. ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെയാണ് കറുത്തപൂച്ച ഗ്രൗണ്ടിലിറങ്ങിയതിനെത്തുടര്‍ന്ന് കളി തടസപ്പെട്ടത്.
നേരത്തെ പാകിസ്ഥാന്‍ ഇന്നിംഗ്സിനിടെ ബൗണ്ടറിക്ക് പുറത്തുകൂടി അലഞ്ഞുതിരിഞ്ഞ കരിംപൂച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്സിനിടെ ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ബ്ലാക്ക് ക്യാപ്സിന് അകമ്പടിയായി ബ്ലാക്ക് ക്യാറ്റിറങ്ങിയെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം ഡാനി മോറിസൺ പറഞ്ഞത് ചിരി പടര്‍ത്തുകയും ചെയ്തു.
പൂച്ചയെ ഓടിക്കാന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി ശ്രമിച്ചെങ്കിലും ഒടുവില്‍ പൂച്ച തന്നെ സ്വയം ഗ്രൗണ്ടില്‍ നിന്ന് കയറിപ്പോയി. പൂച്ച ഗ്രൗണ്ട് വിടുന്നതുവരെ കളി നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് മാത്രം. പൂച്ചയെ പിടിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നാലെ കൂടിയ പരുന്തിന്‍റെ കാലുകളില്‍ നിന്ന് പൂച്ച തന്ത്രപൂര്‍വം രക്ഷപ്പെടുകയും ചെയ്തു.
ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. 243 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കേ ന്യൂസിലന്‍ഡ് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനാണ് ടോപ് സ്കോറർ. ആഗ സല്‍മാന്‍(45), തയ്യബ് താഹിര്‍(38), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം(29) ഒരിക്കല്‍ കൂടി വലിയ സ്കോര്‍ നേടാതെ പുറത്തായി.
We've got some feline company enjoying cricket on the ground 🐈⬛🤩#3Nations1Trophy | #PAKvNZ pic.twitter.com/Nx2RMmzA82
— Pakistan Cricket (@TheRealPCB) February 14, 2025
മറുപടി ബാറ്റിംഗില്‍ വില്‍ യംഗിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെ(48), കെയ്ന്‍ വില്യംസണ്‍(34), ഡാരില്‍ മിച്ചല്‍(57), ടോം ലാഥം(56), ഗ്ലെന്‍ ഫിലിപ്സ്(20*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കിവീസ് അനായാസം മറികടന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. നേരത്തെ ഗ്രൂപ്പ ഘട്ടത്തിലും ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ 78 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
