കിംഗ്സ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള വിന്‍ഡീസ് പര്യടനത്തില്‍ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഹാട്രിക്കടക്കം വിക്കറ്റുമഴയായി വിന്‍ഡീസിനുമേല്‍ പെയ്തിറങ്ങിയ ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യക്ക് അനായാസ വിജയങ്ങള്‍ സമ്മാനിച്ച താരങ്ങളിലൊരാള്‍. രണ്ട് ടെസ്റ്റില്‍ നിന്ന് ആറ് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും അടക്കം ആകെ 13 പേരെയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ പുറത്താക്കിയത്. 

ഇന്ത്യയുടെ പരമ്പര ജയത്തിന് ശേഷം ബുമ്രയെ പ്രശംസ കൊണ്ടുമൂടി നായകന്‍ വിരാട് കോലി രംഗത്തെത്തി. 'ബുമ്ര ഈ ടീമില്‍ കളിക്കുന്നത് തങ്ങളുടെ ഭാഗ്യമാണ്. കൂട്ടംചേര്‍ന്ന് ആക്രമിക്കുന്ന ബൗളിംഗ് നിരയെ ലഭിക്കുന്നത് അപൂര്‍വമാണ്. ഇന്‍ സ്വിങറുകളും ഔട്ട് സ്വിങറുകളും ബൗണ്‍സറുകളും കൊണ്ട് ബൂമ്ര എതിരാളികളെ ആക്രമിക്കുന്നു. അതിനാല്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും പൂര്‍ണതയുള്ള ബൗളറാണ് ബുമ്രയെന്നാണ് തനിക്ക് തോന്നുന്നത്' എന്ന് കിംഗ്സ്റ്റണ്‍ ടെസ്റ്റിന് ശേഷം കോലി പറഞ്ഞു.  

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ 257 റൺസിന് വിജയിച്ചാണ് ഇന്ത്യ പരമ്പര(2-0) നേടിയത്. ഇന്ത്യ വച്ചുനീട്ടിയ 468 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് ഓൾ ഔട്ടായി. 50 റൺസെടുത്ത ബ്രൂക്ക്സും 23 റൺസുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റൺസെടുത്ത ബ്ലാക്ക്‌വുഡും 39 റൺസെടുത്ത ഹോൾഡറും മാത്രമാണ് പിടിച്ചുനിന്നത്. രണ്ട് തുടർ ജയങ്ങളോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് 120 പോയിന്റായി.