നവംബർ 19 മുതൽ വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക.

മുംബൈ: ഇന്ത്യൻ പേസ് പടയുടെ നട്ടെല്ലായ ജസ്പ്രീത് ബുംറ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കുന്നത് ഒഴിവാക്കണമെന്നും, ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകി ജോലിഭാരം കൃത്യമായി നിയന്ത്രിക്കണമെന്നും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ബുംറയെ സംരക്ഷിച്ചു നിർത്താൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിനം, ടി20) അവസരത്തിനൊത്ത് മാത്രം കളിപ്പിച്ചാൽ മതിയെന്നാണ് ശാസ്ത്രിയുടെ നിർദ്ദേശം.

32-കാരനായ ബുംറയുടെ സേവനം വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് അത്യാവശ്യമാണെന്നും, അതിനാൽ ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി അദ്ദേഹത്തെ കാത്തുവെക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകളിൽ നിന്ന് ബുംറയ്ക്ക് നിലവിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

നവംബർ 19 മുതൽ വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫൈനൽ സാധ്യതകൾ നിലനിർത്താൻ ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിന് ശേഷിക്കുന്ന മത്സരങ്ങളിൽ വലിയ വിജയം ആവശ്യമാണെന്ന് രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളിൽ കുറഞ്ഞത് നാലെണ്ണവും ജയിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക