അടുത്ത ഐപിഎല്‍ മിനി താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കാന്‍ ടീമുകള്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് ആകാശ് ചോപ്ര.
ദില്ലി: അടുത്ത ഐപിഎല്‍ മിനി താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കാന്‍ ടീമുകള്‍ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഗ്രീന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്കക്കതിരായ ആദ്യ ടി20യിലും ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ഗ്രീന്‍ 17 പന്തില്‍ 35 റണ്‍സടിച്ചിരുന്നു. അടുത്ത ഐപിഎല്‍ താരലേലത്തിലെ ഏറ്റവും വിലകൂടി താരമാകും ഗ്രീനെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
അടുത്ത ഐപിഎല്‍ താരലേലത്തിലെ ഏറ്റവും വിലകൂടിയ താരം ഓസ്ട്ര്ലേിയയുടെ കാമറൂണ്‍ ഗ്രീനാകും. കാരണം, പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം അസാമാന്യ പ്രകടനമാണ് ഗ്രീന്‍ പുറത്തെടുക്കുന്നത്. ഇതുവരെ ബൗള്‍ ചെയ്ത് തുടങ്ങിയിട്ടില്ലെങ്കിലും വൈകാതെ ബൗളിംഗ് കൂടി ആരംഭിക്കുന്നതോടെ ഗ്രീനിനെ സ്വന്തമാക്കാന്‍ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. കാരണം, ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന ഗ്രീനിനെ പോലൊരു ഓള്‍ റൗണ്ടറെ സ്വന്തമാക്കാന്‍ ഏത് ടീമും ആഗ്രഹിക്കും. അതിനായി എത്ര പണം മുടക്കാനും അവര്‍ തയാറാവും. അതുകൊണ്ട് തന്നെ അടുത്ത താരലേലം കാമറൂണ്‍ ഗ്രീനിന്‍റെ പേരിലായിരിക്കും അറിയപ്പെടുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.
പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് കാമറൂണ്‍ ഗ്രീന്‍ വിട്ടു നിന്നിരുന്നു. 2024ലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച ഗ്രീന്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 143.25 സ്ട്രൈക്ക് റേറ്റില്‍ 255 റണ്‍സ് നേടിയിരുന്നു. 8.61 ഇക്കോണമിയില്‍ 10 വിക്കറ്റുകളും ഗ്രീന്‍ സ്വന്തമാക്കി. 2023ല്‍ കാമറൂണ്‍ ഗ്രീനും ഡെവാള്‍ഡ് ബ്രെവിസും ട്രിസ്റ്റന്‍ സ്റ്റബ്സും ടിം ഡേവിഡും ഒരിക്കല്‍ മുംബൈ ഇന്ത്യൻസിന്‍റെ താരങ്ങളായിരുന്നുവെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
ഇന്നവര്‍ മുംബൈക്കൊപ്പമില്ല. ടിം ഡേവിഡ് കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ പകരക്കാരനായി എത്തിയ ഡെവാള്‍ഡ് ബ്രെവിസ് ചെന്നൈക്കായി തിളങ്ങിയിരുന്നു. ട്രിസ്റ്റന്‍ സ്റ്റബ്സ് ഡല്‍ഹിക്കായും മികച്ച പ്രകടനം പുറത്തെടുത്തു. പ്രതിഭകളെ കണ്ടെത്തുന്നതില്‍ മിടുക്കരാണെങ്കിലും വിദേശ കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്‍റ് കുറച്ചുകൂടി കരുതലെടുക്കേണ്ടിയിരിക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.


