റിഷഭ് പന്ത് ഒരു അപൂര്‍വ പ്രതിഭാസമാണ്. അദ്ദേഹം കരിയര്‍ തുടങ്ങിയിട്ടേയുള്ളു. ഏതെങ്കിലും ബൗളര്‍മാര്‍ അദ്ദേഹത്തെ വിലകുറച്ചു കാണുകയാണെങ്കില്‍ അതില്‍ ദു:ഖിക്കേണ്ടിവരുമെന്ന് ഈ പരമ്പര കഴിഞ്ഞപ്പോള്‍ ബോധ്യമായിക്കാണുമെന്നും ഇയാന്‍ ബെല്‍ പറഞ്ഞു.

പൂനെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ ട്രിപ്പിള്‍ അടിച്ചപ്പോള്‍ മൂന്ന് പരമ്പരകളിലും താരമായത് ഒരു കളിക്കാരനായിരുന്നു. ടെസ്റ്റില്‍ പ്രത്യാക്രമണത്തിലൂടെ എതിരാളികള്‍ക്കുമേല്‍ ആധിപത്യമുറപ്പിച്ച് ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് ഉയര്‍ത്തിയ റിഷഭ് പന്ത്. ടി20യിലും മോശമല്ലാത്ത പ്രകടനം പുറത്തെടുത്ത പന്ത് ഏകദിന ക്രിക്കറ്റിലും തന്‍റെ നാലാം നമ്പര്‍ സ്ഥാനം രണ്ട് മത്സരംകൊണ്ട് ഉറപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ മൂന്ന് ഫോര്‍മാറ്റിലും റിഷഭ് പന്ത് ഇല്ലാത്തൊരു ഇന്ത്യന്‍ ടീമിനെപ്പറ്റി സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. ഭാവിയില്‍ അയാളൊരു ലോകോത്തര താരമാകും എന്നതില്‍ സംശയമില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പക്വതയോടെയുള്ള പ്രകടനമായിരുന്നു പന്തിന്‍റേത്.

റിഷഭ് പന്ത് ഒരു അപൂര്‍വ പ്രതിഭാസമാണ്. അദ്ദേഹം കരിയര്‍ തുടങ്ങിയിട്ടേയുള്ളു. ഏതെങ്കിലും ബൗളര്‍മാര്‍ അദ്ദേഹത്തെ വിലകുറച്ചു കാണുകയാണെങ്കില്‍ അതില്‍ ദു:ഖിക്കേണ്ടിവരുമെന്ന് ഈ പരമ്പര കഴിഞ്ഞപ്പോള്‍ ബോധ്യമായിക്കാണുമെന്നും ഇയാന്‍ ബെല്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ ഐതിഹാസിക പ്രകടനത്തിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 91 റണ്‍സടിച്ചാണ് റിഷഭ് പന്ത് തുടങ്ങിയത്. രണ്ടാം ടെസ്റ്റില്‍ 58 റണ്‍സടിച്ചു, നാലാം ടെസ്റ്റില്‍ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. കളിച്ച രണ്ട് ഏകദിനങ്ങളിലും അതിവേഗ അര്‍ധസെഞ്ചുറികളും പന്ത് സ്വന്തമാക്കി.