രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനെതിരെ ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറി നേടി. ഒരു ഘട്ടത്തിൽ 157-ന് ആറ് വിക്കറ്റ് എന്ന നിലയിൽ തകർന്ന ടീമിനെ, സഹിൽ രാജിനൊപ്പം 150 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇഷാൻ കരകയറ്റുകയായിരുന്നു.
കൊയമ്പത്തൂര്‍: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് സെഞ്ചുറി. ടീമിന്റെ വിക്കറ്റ് കീപ്പറും കൂടിയായ ഇഷാന്‍ 183 പന്തില്‍ 125 റണ്‍സുമായി ക്രീസിലുണ്ട്. കൊയമ്പത്തൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജാര്‍ഖണ്ഡ് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തിട്ടുണ്ട്. ഇഷാനൊപ്പം സഹില്‍ രാജ് (64) ക്രീസിലുണ്ട്. തമിഴ്‌നാടിന് വേണ്ടി ഗുര്‍ജപ്‌നീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ചന്ദ്രശേഖറിന് രണ്ട് വിക്കറ്റുണ്ട്. മലയാളി താരം സന്ദീപ് വാര്യര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ജാര്‍ഖണ്ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ശിഖര്‍ മോഹന്‍ (10), കുമാര്‍ സുരജ് (3) എന്നിവരുടെ വിക്കറ്റുകള്‍ ജാര്‍ഖണ്ഡിന് നഷ്ടമായി. ഇരുവരേയും ഗുര്‍ജപ്‌നീതാണ് പുറത്താക്കിയത്. തുടര്‍ന്ന് ശരണ്‍ദീപ് സിംഗ് (48) - വിരാട് സിംഗ് (28) എന്നിവര്‍ ചേര്‍ന്നുള്ള സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വിരാടിനെ മടക്കി ഗുര്‍ജപ്‌നീത് വീണ്ടും തമിഴ്‌നാടിന് ബ്രേക്ക് ത്രൂ കൊണ്ടുവന്നു. തുടര്‍ന്ന് ഇഷാന്‍ ക്രീസിലേക്ക്. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ശരണ്‍ദീപ് സിംഗ്, കുമാര്‍ കുശാഗ്ര (11), അനുകൂല്‍ റോയ് (12) ഇഷാന്‍ ക്രീസിലുള്ളപ്പോള്‍ തന്നെ മടങ്ങി. ഇതോടെ ആരിന് 157 എന്ന നിലയിലായി ജാര്‍ഖണ്ഡ്. തുടര്‍ന്ന് ഇഷാന്‍ - സഹില്‍ സഖ്യം വേര്‍പിരിയാതെ 150 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുവരെ 183 പന്തുകള്‍ നേരിട്ട ഇഷാന്‍ രണ്ട് സിക്‌സും 14 ഫോറും നേടിയിട്ടുണ്ട്.
രഹാനെ നിരാശപ്പെടുത്തി
ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ നിരാശപ്പെടുത്തി. നന്നായി തുടങ്ങിയ താരം 27 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ അഞ്ചിന് 335 എന്ന നിലയിലാണ്. സിദ്ദേശ് ലാഡ് (116) മുംബൈക്ക് വേണ്ടി സെഞ്ചുറി നേടി. ഷംസ് മുലാനി (79), ആകാശ് ആനന്ദ് (15) എന്നിവരാണ് ക്രീസില്‍. മുഷീര്‍ ഖാന്‍ (0), ആയുഷ് മാത്രെ (28), സര്‍ഫറാസ് ഖാന്‍ (42) എന്നിവരുടെ വിക്കറ്റുകളും മുംബൈക്ക് നഷ്ടമായി. ജമ്മുവിന് വേണ്ടി ആക്വിബ് നബി ഒരു വിക്കറ്റെടുത്തു.



