വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. മഴയെ തുടര്‍ന്ന് കളി നിർത്തുമ്പോൾ 25 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട്, മഴയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുമ്പോള്‍ 25 ഓവറില്‍ ഏഴിന് 79 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ഫാത്തിമ സന, രണ്ട് പേരെ പുറത്താക്കിയ സാദിയ ഇഖ്ബാല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ചാര്‍ലോട്ട് ഡീന്‍ (5), എം അര്‍ലോട്ട് (1) എന്നിവരാണ് ക്രീസില്‍. പാകിസ്ഥാന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടിരുന്നു. മൂന്നിലും ജയിച്ച ഇംഗ്ലണ്ട് ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ താമി ബ്യൂമോണ്ട് (4), എമി ജോണ്‍സ് (8) എന്നിവര്‍ ബൗള്‍ഡായി. യഥാക്രമം ദിയാന ബെയ്ഗ്, ഫാത്തിമ സന എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് (4), ഹീതര്‍ നൈറ്റ് (18) എന്നിരവര്‍ കൂടി മടങ്ങിയതോടെ 6.1 ഓവറില്‍ നാലിന് 39 എന്ന നിലയിലായി പാകിസ്ഥാന്‍. തുടര്‍ന്ന് എമ്മ ലാമ്പ് (4) - സോഫിയ ഡങ്ക്‌ലി (11) സഖ്യം 15 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരേയും പുറത്താക്കി സാദിയ ഇഖ്ബാല്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കാപ്‌സി കൂടി മടങ്ങിയതോടെ ഇംഗ്ലണ്ടിന് ഏഴിന് 78 എന്ന നിലയിലായി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇംഗ്ലണ്ട്: താമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ഹീതര്‍ നൈറ്റ്, നാറ്റ് സികവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സാറ ഗ്ലെന്‍, എം ആര്‍ലോട്ട്, ലിന്‍സി സ്മിത്ത്.

പാകിസ്ഥാന്‍: മുനീബ അലി, ഒമൈമ സൊഹൈല്‍, സിദ്ര അമിന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), സിദ്ര നവാസ് (വിക്കറ്റ് കീപ്പര്‍), റമീന്‍ ഷമീം, ഡയാന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍.

YouTube video player