വനിതാ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 254 റണ്‍സ് വിജയലക്ഷ്യം വെച്ചു. ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രണ്ടിന്റെ (117) തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്.

കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനെത്തിയ ഇംഗ്ലണ്ടിന് നതാലി സ്‌കിവര്‍ ബ്രണ്ടിന്റെ (117) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ശ്രീലങ്കയ്ക്ക വേണ്ടി ഇനോക രണവീര മൂന്ന് വിക്കറ്റ് വീഴ്തതി. ഉദേശിക പ്രബോദനി, സുഗന്ധിക കുമാരി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇംഗ്ലണ്ടിന്റെ തുടക്കം അത്ര നന്നായില്ല. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ എമി ജോണ്‍സ് (11) റണ്ണൗട്ടായി. സഹ ഓപ്പണര്‍ താമി ബ്യൂമൗണ്ടിനെ (32) സുഗന്ധിക പുറത്താക്കിയതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് ഹീതര്‍ നൈറ്റ് (29) - സ്‌കിവര്‍ സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ നൈറ്റ് മടങ്ങിയതോടെ ഇംഗ്ലണ്ട് തകര്‍ച്ച നേരിട്ടു. സോഫിയ ഡങ്ക്‌ലി (18), എമ്മ ലാമ്പ് (13), അലീസ് ക്യാപ്‌സി (0), ചാര്‍ലി ഡീന്‍ (19), സോഫി എക്ലെസ്റ്റോണ്‍ (3) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ കഴിഞ്ഞില്ല.

വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും ഒരറ്റത്ത് പതറാതെ നിന്ന ക്യാപ്റ്റന്‍ സ്‌കിവര്‍ ഇംണ്ടിനെ 250 കടത്തി. സിക്‌സ് നേടികൊണ്ടാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 117 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. അവസാന ഓവറിലാണ് താരം പുറത്താവുന്നത്. ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ചുറികളാണ് സ്‌കിവര്‍ നേടിയത്. ലിന്‍സി സ്മിത്ത് (5), ലോറന്‍ ബെല്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

YouTube video player