ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി മികവില്‍ വെസ്റ്റ് ഇന്‍ഡീസ് 248 റണ്‍സ് വിജയലക്ഷ്യം കുറിച്ചു.
നേപ്പിയര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 248 റണ്‍സ് വിജയലക്ഷ്യം. മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തയി വിന്‍ഡീസിന്റെ ഷായ് ഹോപ്പിന്റെ (69 പന്തില്‍ 109) സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. നതാന്‍ സ്മിത്ത് നാലും കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സെടുത്തിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെ (49), രചിന്‍ രവീന്ദ്ര (52) എന്നിവരാണ് ക്രീസില്‍.
ഹോപ്പിന് മറ്റുള്ള താരങ്ങളില്‍ ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും താരം പിടിച്ചുനിന്നു. ജോണ്‍ കാംപെല്‍ (4), കീസി കാര്‍ട്ടി (7) എന്നിവര്‍ മടങ്ങിയതിന് ശേഷമാണ് ഹോപ്പ് ക്രീസിലെത്തുന്നത്. ഇതിനിടെ അക്കീം അഗസ്റ്റെ (22) കൂടെ മടങ്ങിയതോടെ മൂന്നിന് 62 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് അഞ്ചിന് 86 എന്ന നിലയിലേക്കും ആറിന് 130 എന്ന നിലയിലേക്കും വിന്‍ഡീസ് വീണു. തുടര്‍ന്ന് താരം നേടത്തിയ ഒറ്റയാള്‍ പോരാട്ടാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷെഫാനെ റുതര്‍ഫോര്‍ഡ് (13), റോസ്റ്റണ്‍ ചേസ് (2, ജസ്റ്റിന്‍ ഗ്രീവ്‌സ് (22), റൊമാരിയ ഷെപ്പേര്‍ഡ് (22), മാത്യു ഫോര്‍ഡ് (21), ഷമാര്‍ സ്പ്രിംഗര്‍ (6) എന്നിവരുടെ വിക്കറ്റുകളും വിന്‍ഡീസിന് നഷ്ടമായി. ജെയ്ഡന്‍ സീല്‍സ് (1), ഹോപ്പിനൊപ്പം പുറത്താവാതെ നിന്നു. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.
ഇതോടെ ചില നാഴികക്കല്ലുകളും ഹോപ്പ് പിന്നിട്ടു. തന്റെ കരിയറിലെ 19-ാം ഏകദിന സെഞ്ചുറിയാണ് ഹോപ്പ് പൂര്‍ത്തിയാക്കിയത്. വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളില്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം രണ്ടാമതെത്താന്‍ ഹോപ്പിന് കഴിഞ്ഞു. 25 സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് ഹോപ്പിന് മുന്നിലുള്ളത്. ഏകദിന കരിയറില്‍ ഹോപ്പിന്റെ വേഗമേറിയ സെഞ്ചുറിയാണിത്. 66 പന്തിലാണ് ഹോപ്പ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒഴികെ എല്ലാ ടീമുകള്‍ക്കെതിരെയും ഹോപ്പ് ഏകദിനത്തില്‍ സെഞ്ചുറി നേട്ടം പൂര്‍ത്തിയാക്കി.
ഏകദിനത്തില്‍ വേഗത്തില്‍ 6,000 റണ്‍സ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസുകാരനാകാനും ഹോപ്പിന് കഴിഞ്ഞു. 142 ഇന്നിങ്‌സുകളില്‍ നിന്നാണ് ഹോപ്പിന്റെ നേട്ടം. ഇക്കാര്യത്തില്‍ 141 ഇന്നിങ്‌സുകളില്‍ 6000 റണ്‍സ് സ്വന്തമാക്കിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമന്‍.



