രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരെ കേരളം ഒന്നാം ഇന്നിങ്‌സിൽ 171 റൺസിന്റെ ലീഡ് സ്വന്തമാക്കി. ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ (113) സെഞ്ച്വറിയുടെ മികവിൽ 526/9 എന്ന നിലയിൽ കേരളം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
മഡ്ഗാവ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ നില ഭദ്രമാക്കി കേരളം. ഒന്‍പത് വിക്കറ്റിന് 526 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത കേരളം, 171 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 18 റണ്‍സെന്ന നിലയിലാണ്.
രണ്ട് വിക്കറ്റിന് 237 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിന് രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ക്യാപ്റ്റന്‍ വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹന്‍ കുന്നുമ്മല്‍ 153 റണ്‍സെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ 52 റണ്‍സുമായി മടങ്ങി.
തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും ചേര്‍ന്ന് 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍ റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് തകര്‍പ്പന്‍ ബാറ്റിങ് തുടര്‍ന്ന വിഷ്ണു വിനോദിന്റെ മികവില്‍ കേരളത്തിന്റെ സ്‌കോര്‍ അതിവേഗം മുന്നേറി. 34 പന്തുകളില്‍ 36 റണ്‍സെടുത്ത അങ്കിത് ശര്‍മ്മയും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. 113 റണ്‍സെടുത്ത വിഷ്ണു വിനോദ്, അമൂല്യ പാണ്ഡ്രേക്കറുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയായിരുന്നു. 128 പന്തുകളില്‍ 14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്.
ഒടുവില്‍ ഒന്‍പത് വിക്കറ്റിന് 526 റണ്‍സെടുത്തു നില്‍ക്കെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബേസില്‍ എന്‍.പി 13-ഉം നിധീഷ് എം.ഡി 20-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. മാനവ് കൃഷ്ണ 12-ഉം ശ്രീഹരി എസ്. നായര്‍ നാലും റണ്‍സെടുത്തു. ഗോവയ്ക്കായി ലളിത് യാദവും അമൂല്യ പാണ്ഡ്രേക്കറും മൂന്ന് വിക്കറ്റ് വീതവും അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ രണ്ട് വിക്കറ്റും നേടി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. സുയാഷ് പ്രഭുദേശായ് (14), കശ്യപ് ബാക്ലെ (4) എന്നിവരാണ് ക്രീസിലുള്ളത്.

