സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ചുറിയുടെ (101) കരുത്തിൽ ഹരിയാനക്കെതിരെ മുംബൈക്ക് തകർപ്പൻ ജയം.
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗില്‍ ഹരിനായക്കെതിരായ മത്സരത്തില്‍ മുംബൈക്ക് വേണ്ടി സെഞ്ചുറി നേടി യശസ്വി ജയ്‌സ്വാള്‍. 50 പന്തില്‍ നിന്ന് 101 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ജയ്‌സ്വാളിന്റെ ബാറ്റിംഗ് കരുത്തില്‍ മുംബൈ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാന മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബ 17.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികന്നു.
മുംബൈക്ക് വേണ്ടി ആദ്യ വിക്കറ്റില്‍ അജിന്‍ക്യ രഹാനെ (21) - ജയ്‌സ്വാള്‍ സഖ്യം 53 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം നല്‍കി. എന്നാല്‍ നാലാം ഓവറില്‍ രഹാനെ മടങ്ങി. തുടര്‍ന്നെത്തിയ സര്‍ഫറാസ് തകര്‍ത്തടിച്ചു. 25 പന്തുകള്‍ മാത്രം നേരിട്ട താരം 64 റണ്‍സാണ് അടിച്ചെടുത്തത്. കേവലം 37 പന്തുകളില്‍ 88 റണ്‍സാണ് ജയ്‌സ്വാള്‍ - സര്‍ഫറാസ് സഖ്യം അടിച്ചെടുത്തത്. 10-ാം ഓവറില്‍ സര്‍ഫറാസ് മടങ്ങുമ്പോള്‍ മുംബൈക്ക് ജയിക്കാമെന്നുള്ള ആത്മവിശ്വസമുണ്ടായിരുന്നു. എന്നാല്‍ ആംകൃഷ് രഘുവന്‍ഷി (7), സൂര്യ ഷെഡ്‌ജെ (13), ഷാര്‍ദുല്‍ താക്കൂര്‍ (2) എന്നിവര്‍ പെട്ടന്ന് മടങ്ങിയത് മുംബൈക്ക് തിരിച്ചടിയായി.
എങ്കിലും ജയസ്വാളിന്റെ ഇന്നിംഗ്‌സ് തുണയായി. 18-ാം ഓവറില്‍ ജയ്‌സ്വാള്‍ മടങ്ങിയെങ്കിലും സിറാജ് പാട്ടീല്‍ (8), അഥര്‍വ അങ്കോളേക്കര്‍ (10) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. 50 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഒരു സിക്‌സും 16 ഫോറും നേടി. ഇന്ത്യയുടെ ടി20 ജേഴ്‌സിയില്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്‍ മോശം പ്രകടനം പുറത്തെടുക്കുമ്പോഴാണ് ജയ്‌സ്വാളിന്റെ സെഞ്ചുറി.
നേരത്തെ അങ്കിത് കുമാര്‍ (42 പന്തില്‍ 89), നിശാന്ത് സിന്ധു (38 പന്തില്‍ പുറത്താവാതെ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഹരിയാനയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 14 പന്തില്‍ 31 റണ്‍സെടുത്ത സാമന്ദ് ജാഖര്‍ റിട്ടയേര്‍ഡ് ഔട്ടായി. സുമിത് കുമാര്‍ (16) പുറത്താവാതെ നിന്നു. അര്‍ഷ് രംഗാണ് (26) പുറത്തായ മറ്റൊരു താരം.



