കൊളംബൊ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് കോച്ചായി നിയമിതനായ മുന്‍താരം ചാമിന്ദ വാസ് ലങ്കന്‍ ടീം വിന്‍ഡീസിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പ് പരിശീലക സ്ഥാനം രാജിവച്ചു. ശ്രീലങ്കന്‍ ടീം വിന്‍ഡീസിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് വാസിന്‍റെ അപ്രതീക്ഷിത രാജി. പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാസിന്‍റെ അപ്രതീക്ഷിത രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് വാസിന്‍റേതെന്നും സാമ്പത്തിക ലാഭം മാത്രമാണ് താരത്തിന്‍റെ ലക്ഷ്യമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തുറന്നടിച്ചു. ശ്രീലങ്കന്‍ ടീമിന്‍റെ ബൗളിംഗ് കോച്ചായിരുന്ന ഡേവിഡ് സര്‍ക്കാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ആഴ്ച രാജിവെച്ചതിനെത്തുടര്‍ന്നാണ് വാസിനെ ബൗളിംഗ് പരിശീലകനായി ബോര്‍ഡ് നിയമിച്ചത്.

2009ല്‍ രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. ലങ്കന്‍ യുവതാരങ്ങളെ പരിശീലിപ്പിക്കുകയായിരുന്ന വാസിനെ അപ്രതീക്ഷിതമായിട്ടായിരുന്നു ബോര്‍ഡ് പുതിയ ചുമതല ഏല്‍പ്പിച്ചത്.

ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇടം കൈയ്യന്‍ പേസര്‍മാരിലൊരാളാണ് വാസ്. താരമെന്ന നിലയില്‍ മികച്ച റെക്കോഡും വാസിനുണ്ട്. 111 ടെസ്റ്റില്‍ നിന്ന് 355 വിക്കറ്റാണ് 47കാരന്‍റെ സമ്പാദ്യം. 322 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 400 വിക്കറ്റും സ്വന്തം പേരിലെഴുതി. 19 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ പരിചയസമ്പത്ത് കണക്കിലെടുത്തായിരുന്നു ബോര്‍ഡിന്‍റെ നടപടി.  

അടുത്ത മാസം മൂന്നിനാണ് ശ്രീലങ്കന്‍ ടീമിന്‍റെ വെസ്റ്റിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റും മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണ് ശ്രീലങ്ക വിന്‍ഡീസില്‍ കളിക്കുക.