ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിനേശ് കാര്‍ത്തിക്

ചെന്നൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ നിരാശരാക്കിയത് സഞ്ജു സാംസണ് ടീമിൽ ഇടം ലഭിക്കാത്തതായിരുന്നു. ഓസ്ട്രേലിയയില്‍ തിളങ്ങാതിരുന്നിട്ടും ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡ് ഇല്ലാതിരുന്നിട്ടും സഞ്ജുവിന് പകരം റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി അടിക്കുകയും ടി20 ക്രിക്കറ്റില്‍ സമീപകാലത്ത് അഞ്ച് കളികളില്‍ മൂന്ന് സെഞ്ചുറി അടിച്ചിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്. എന്തുകൊണ്ട് സഞ്ജുവിന് പകരം റിഷഭ് പന്തിനെ സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്.

രോഹിത്, ഗിൽ, പന്ത്, ജയ്സ്വാൾ...രഞ്ജിയിലും ഇന്ത്യൻ സൂപ്പർ താരങ്ങളുടെ ഫ്ലോപ്പ് ഷോ; തിളങ്ങിയത് ജഡേജ മാത്രം

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. സഞ്ജുവിനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല, സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായി വേണമെങ്കിലും ടീമിലുള്‍പ്പെടുത്താവുന്നവരാണ്. എനിക്ക് തോന്നുന്നത്, സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു. അത് റിഷഭ് പന്ത് ഇടം കൈയനാണെന്നത് മാത്രമാണ്.

ബാറ്റിംഗ് നിരയില്‍ ഒരു ഇടം കൈയന്‍ ബാറ്ററുടെ സാന്നിധ്യം ടീമിന് നല്‍കുന്ന വൈവിധ്യം കണക്കിലെടുത്താകാം റിഷഭ് പന്തിന് അവസരം നല്‍കിയത്. സ‌ഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിലെത്തുന്നതിന് തൊട്ടടുത്തെത്തിയിരുന്നു. ഇതിന് പുറമെ സഞ്ജു വിജയ് ഹസാരെയില്‍ കളിക്കാത്തതും തിരിച്ചടിയായെന്ന് വേണം വിലയിരുത്താന്‍. അതും ടീം സെലക്ഷനില്‍ ഒരു ഘടകമായെന്നാണ് താന്‍ കരുതുന്നതെന്നും ദിനേശ് കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

അവനെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ എടുക്കാതിരുന്നത് പൊറുക്കാനാവാത്ത തെറ്റ്, തുറന്നു പറഞ്ഞ് ദിനേശ് കാര്‍ത്തിക്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക