ടി20 പരമ്പരയിലെ ആദ്യ കളിയില്‍ അര്‍ഷ്ദീപ് സിംഗ് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ മടക്കിയപ്പോള്‍ നടുവൊടിച്ചത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയപ്പോള്‍ ബാറ്റ് കൊണ്ട് മിന്നിയത് അഭിഷേക് ശര്‍മും ബൗളിംഗില്‍ തിളങ്ങിയത് വരുണ്‍ ചക്രവര്‍ത്തിയും ആയിരുന്നു. മലയാളി താരം സഞ്ജു സാംസണൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സടിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.
ഇതിന് പിന്നാലെ വരുണ്‍ ചക്രവര്‍ത്തിയെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. വരുണിനെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കുന്നില്ലെങ്കിൽ അത് പൊറുക്കാനാവാത്ത തെറ്റാകുമെന്ന് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചു. അവനെ ഇനിയും ടീമിലെടുക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
ടി20 പരമ്പരയിലെ ആദ്യ കളിയില്‍ അര്‍ഷ്ദീപ് സിംഗ് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ മടക്കിയപ്പോള്‍ നടുവൊടിച്ചത് വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. ആദ്യം ഹാരി ബ്രൂക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ചക്രവര്‍ത്തി, പിന്നാലെ ലിയാം ലിവിംഗ്‌സ്റ്റണിനെയും വീഴ്ത്തി. അര്‍ധസെഞ്ചുറിയുമായി 44 പന്തില്‍ 68 റണ്‍സടിച്ച് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ കൂടി പുറത്താക്കിയാണ് വരുണ്‍ ഇംഗ്ലണ്ടിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തി വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനുവേണ്ടിയും തിളങ്ങി. : വിജയ് ഹസാരെയിൽ ആറ് കളികളില്‍ 12.72 ശരാശരിയില്‍ 18 വിക്കറ്റെടുത്തിട്ടും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയും രവീന്ദ്ര ജഡേജയയും അക്സര്‍ പട്ടേലിനെയുമാണ് സെലക്ടര്‍മാര്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെടുത്തത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.
