ടൂർണമെന്റിന്റെ രണ്ടാം പാദം ചെന്നൈയുടെ ഭാവി ഭദ്രമാക്കുന്ന ഒന്നാണെന്ന് പറയാനാകും

ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. പ്ലേ ഓഫില്‍ തുടര്‍ച്ചയായി രണ്ട് സീസണില്‍ എത്താതിരിക്കുന്നത് ആദ്യം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം. തല മാറിയിട്ടും തലവര തുടര്‍ന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സൂപ്പറാകാതെ പോയ ടൂര്‍ണമെന്റ്. പക്ഷേ, എഴുതിതള്ളിയവര്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ക്കും പരിഹാസം ചൊരിഞ്ഞവര്‍ക്കും മറുപടിക്കുള്ള മരുന്ന് ഇന്ന് ചെന്നൈ ക്യാമ്പിലുണ്ട്. ആ മാറ്റങ്ങള്‍ക്ക് ചെന്നൈ തയാറാകുമോ, അനിവാര്യമായ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖം തിരിക്കുമോ മാനേജ്മെന്റ്?

ഐപിഎല്ലിന്റെ 18-ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും കൃത്യമായൊരു ടീം കോമ്പിനേഷൻ കണ്ടെത്താൻ സാധിക്കാതെ പോയ ടീമാണ് ചെന്നൈ. ലേലത്തിലെ കണക്കുകൂട്ടലില്‍ തുടങ്ങിയ പിഴവുകളാണ്. ഇതുവരെ 22 താരങ്ങളെ പരീക്ഷിച്ചു, മറ്റൊരു ടീമും ചെയ്യാത്ത ഒന്ന്. ഡെവോണ്‍ കോണ്‍വെ, രചിൻ രവീന്ദ്ര തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളെ പോലും ബെഞ്ചിലിരുത്തി. ബാറ്റർമാരുടെ ശൈലി അനുസരിച്ച് പവര്‍പ്ലേയില്‍ 60 റണ്‍സ് നിരന്തരം സ്കോര്‍ ചെയ്യുക ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് ധോണി തന്നെ തുറന്നുപറഞ്ഞിരുന്നു. അങ്ങനെ അടിമുടി പ്രതിസന്ധികള്‍.

എന്നാല്‍ ടൂർണമെന്റിന്റെ രണ്ടാം പാദം ചെന്നൈയുടെ ഭാവി ഭദ്രമാക്കുന്ന ഒന്നാണെന്ന് പറയാനാകും. പരമ്പരാഗത രീതി വിട്ട് കളിക്കാൻ തയാറാകാതിരുന്ന ചെന്നൈ നിരയിലേക്ക് യുവതലമുറ എത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്. പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമായി ഇത് ചുരുങ്ങാനുള്ള സാധ്യത കുറവാണ്, കാരണം കളത്തിലിറക്കിയവരെല്ലാം തിളങ്ങി. ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, ഉർവില്‍ പട്ടേല്‍, ഷെയ്‌ഖ് റഷീദ്...ബൗളിംഗിലേക്ക് നോക്കിയാല്‍ നൂര്‍ അഹമ്മദ്, അൻഷുല്‍ കാമ്പോജ്, ഖലീല്‍ അഹമ്മദ്.

സീസണിലെ കണ്ടെത്താലായി മാത്രെ മാറി. എട്ട് കളികളില്‍ നിന്ന് 187 സ്ട്രൈക്ക് റേറ്റില്‍ 206 റണ്‍സാണ് 17 വയസുകാരൻ നേടിയത്. 94 റണ്‍സ് നേടിയ ഇന്നിങ്സ് താരത്തിന്റെ ക്ലാസും അഗ്രസീവ് സ്റ്റൈലും വെളിപ്പെടുത്തി. ചെന്നൈയ്ക്കായി കളത്തിലെത്തിയ ഒരു ഓപ്പണറും പുറത്തെടുക്കാത്ത ഇന്റന്റ് മാത്രയില്‍ നിന്നുണ്ടായി. അവസാന മത്സരങ്ങളിലെ മികച്ച പവര്‍പ്ലേ സ്കോറുകളുടെ കാരണം വലം കയ്യൻ ബാറ്ററുടെ മികവായിരുന്നുവെന്ന് പറയാം.

26 വയസാണ് ഉ‍ര്‍വില്‍ പട്ടേലിന്റെ പ്രായം. രണ്ട് അവസരമാണ് ഇതുവരെ ലഭിച്ചത്. ഉര്‍വിലിന്റെ സ്ട്രൈക്ക് റേറ്റ് 238ല്‍ ആണ് എത്തി നില്‍ക്കുന്നത്. ചെന്നൈ ഫിയര്‍ലെസ് ബ്രാൻഡ് ഓഫ് ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നുവെന്നതിന്റെ സൂചനകളാണ് മാത്രെയും ഉര്‍വിലും നല്‍കിയത്. ഷെയ്ഖ് റഷീദ് ട്വന്റി 20 ക്രിക്കറ്റ് തനിക്ക് വഴങ്ങുമെന്ന് ഇനിയും തെളിയിക്കേണ്ടതുണ്ടെങ്കിലും പ്രതീക്ഷവെക്കാവുന്ന താരമാണ്.

ചെന്നൈയുടെ ഗെയിം ചേഞ്ചറായി മാറിയത് ഡിവാള്‍ഡ് ബ്രെവിസാണ്. മധ്യനിരയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരവുമായായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രെവിസ് വണ്ടി കയറിയത്. ത്രിപാതിയും കോണ്‍വെയും ഹൂഡയും റുതുരാജുമൊക്കെ പരാജയപ്പെട്ട മധ്യ ഓവറുകളില്‍ ബ്രെവിസ് അനായാസം റണ്‍സ് കണ്ടെത്തി. അഞ്ച് കളികളില്‍ നിന്ന് 168 റണ്‍സ് നേടി, 164 ആണ് സ്ട്രൈക്ക് റേറ്റ്. 12 സിക്സറുകള്‍ ബ്രെവിസിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലെത്തി.

ബ്രെവിസിന്റെ വരവ് ദുബയുടെ സമ്മര്‍ദം കുറയ്ക്കുകയും താരത്തിന് തനത് ശൈലിയിലേക്ക് ഉയരാനും കഴിഞ്ഞു. വിക്കറ്റില്‍ നിന്ന് മൂവ്മെന്റ് സൃഷ്ടിക്കാനാകുന്ന കാമ്പോജും ഖലീലും ചേരുന്നതോടെ പേസ് നിരയ്ക്ക് കൂടുതല്‍ സ്ഥിരത കൈവരിച്ചു, പതിരാന കൂടി മികവിലേക്ക് ഉയര്‍ന്നാല്‍ അടുത്ത സീസണില്‍ എതിര്‍ ബാറ്റിങ് നിരയ്ക്ക് എളുപ്പമാകില്ല. 31 വിക്കറ്റുകള്‍ ഇതിനോടകം നേടാൻ പേസ് ത്രയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇതിനോടൊപ്പമാണ് നൂര്‍ അഹമ്മദ് എത്തുന്നത്. രവീന്ദ്ര ജഡേജയ്ക്കും രവി അശ്വിനും പിന്നിലായി മൂന്നാം സ്പിന്നര്‍ എന്ന തലക്കെട്ടോടെയാണ് നൂര്‍ മഞ്ഞ ജഴ്സി അണിഞ്ഞത്. പക്ഷേ, ഇരുവരേക്കാള്‍ തിളങ്ങിയത് നൂര്‍ ആയിരുന്നു. അശ്വിന് പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടതായിപ്പോലും വന്നു. മേല്‍പ്പറഞ്ഞ പേരുകളില്‍ തന്നെ മാച്ച് വിന്നര്‍മാരുടെ നിരയുണ്ട്. ഇവിടേക്ക് റുതുരാജിനെപ്പോലൊരു ബാറ്റര്‍കൂടി എത്തുമ്പോള്‍ ടീം കൂടുതല്‍ സന്തുലിത കൈവരിക്കും.

എം എസ് ധോണിയില്‍ നിന്ന് പൂര്‍ണമായി ബാറ്റണ്‍ കൈമാറാൻ സമയമായോ എന്ന് ചെന്നൈ ചിന്തിക്കേണ്ടതുണ്ട്. 43 പിന്നിട്ട ധോണിയില്‍ നിന്ന് ഒരുപാട് അത്ഭുതങ്ങളിനി ഇല്ല എന്ന് തെളിയിക്കപ്പെട്ട സീസണ്‍കൂടിയായിരുന്നു ഇത്. ബാറ്റുകൊണ്ടും നായകമികവുകൊണ്ടും. അവസാന തീരുമാനം ധോണിക്ക് വിട്ടുകൊടുന്ന പതിവ് ഇത്തവണയും തുടരുമെന്നാണ് സൂചനകള്‍. കൈപ്പേറിയതാണെങ്കിലും ഫ്രാഞ്ചൈസിയുടെ ഭാവിയും നോക്കിയായിരിക്കണം തീരുമാനമെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.