സീസണില്‍ ടോപ് ടൂവില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു ബെംഗളൂരു. തോല്‍വിയോടെ അവരുടെ സാധ്യതകളും തുലാസിലായിരിക്കുകയാണ്

പ്ലേ ഓഫിലേക്കുള്ള ആവേശം മുസ്‌തഫിസൂറിന്റെ പ്രതിരോധം പൊളിച്ച് ബുംറ അവസാനിപ്പിച്ചു. ആസ്വാദനത്തിന് കോട്ടം തട്ടിയെന്നോർത്ത് നിരശരായവർക്ക് ഒരു ടെയില്‍ എൻഡ് കൂടിയുണ്ടെന്ന് ഓർമിപ്പിക്കുകയാണ്. ആദ്യ രണ്ട് സ്ഥാനം, അതിലേക്കാണ് ഇനി ആകാംഷ മുഴുവനും. കഴിഞ്ഞ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി. സീസണില്‍ ടോപ് ടൂവില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു ബെംഗളൂരു. തോല്‍വിയോടെ അവരുടെ സാധ്യതകളും തുലാസിലായിരിക്കുകയാണ്.

ബെംഗളൂരുവിന്റെ മുന്നിലെ സാധ്യതകള്‍ പരിശോധിക്കുന്നതിന് മുൻപ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയാലുള്ള ഗുണം നോക്കാം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലാണ് ക്വാളിഫയർ ഒന്ന്. ഇതില്‍ ജയിക്കുന്നവർക്ക് ഫൈനലിലേക്ക് ഡയറക്റ്റ് എൻട്രിയാണ്. പരാജയപ്പെട്ടാലും അവസരം ഒരുങ്ങും എന്നതാണ് മറ്റൊന്ന്, ക്വാളിഫയർ രണ്ടാണ് ആ അവസരം.

പട്ടികയിലെ മൂന്ന്,നാല് സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളായിരിക്കും ക്വാളിഫയർ രണ്ടിലെ എതിരാളികള്‍. ഇവിടെ വിജയിക്കുകയാണെങ്കില്‍ കലാശപ്പോരിലേക്ക് എത്താനാകും. പരാജയപ്പെട്ടാല്‍ ഫൈനല്‍ മോഹം ഉപേക്ഷിക്കുകയും ചെയ്യാം. അതുകൊണ്ട് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ വിലപ്പെട്ടതാണ്. നിലവില്‍ ആദ്യ നാലിലുള്ള എല്ലാവർക്കും സാധ്യതയുണ്ട് എന്നതാണ് ആകാംഷ വര്‍ധിപ്പിക്കുന്നത്.

ബെംഗളൂരുവിനെ സംബന്ധിച്ച് 13 കളികളില്‍ നിന്ന് എട്ട് ജയം ഉള്‍പ്പെടെ 17 പോയിന്റാണുള്ളത്. ഹൈദരാബാദിനോട് വഴങ്ങിയ 42 റണ്‍സിന്റെ തോല്‍വി ബെംഗളൂരുവിന്റെ നെറ്റ് റണ്‍റേറ്റിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 0.225 ആണ് ബെംഗളൂരുവിന്റെ നെറ്റ് റണ്‍റേറ്റ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് ഒരുചുവട് പിന്നിലേക്ക് വെക്കേണ്ടി വന്നു ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം.

ചൊവ്വാഴ്‌ച ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അവസാന ലീഗ് മത്സരം. ആദ്യ രണ്ട് സ്ഥാനത്തിലേക്കുള്ള സാധ്യത നിലനിര്‍ത്തണമെങ്കില്‍ രജത് പാടിദാറിനും സംഘത്തിനും ജയം അനിവാര്യമാണ്. അതും മോശമല്ലാത്തൊരു മാര്‍ജിനില്‍ വേണം താനും. പരാജയപ്പെട്ടാല്‍ ടോപ് ടൂവെന്ന ലക്ഷ്യം മറന്ന് എലിമിനേറ്ററിലേക്ക് വഴിയൊരുങ്ങും. 

കാരണം ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന് ഇതിനോടകം 18 പോയിന്റുണ്ട്. ലക്നൗവിനോട് പരാജയപ്പെട്ടാല്‍ 17 പോയിന്റില്‍ തന്നെ ബെംഗളൂരുവിന് ലീഗ് ഘട്ടം അവസാനിപ്പിക്കേണ്ടി വരും. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനും നിലവില്‍ 17 പോയിന്റാണുള്ളത്, പക്ഷേ ബെംഗളൂരുവിനേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് ശ്രേയസിന്റെ സംഘത്തെ തുണയ്ക്കും.

ഇനിയിപ്പോള്‍ ലക്നൗവിനെതിരായ മത്സരം ബെംഗളൂരുവിന് അനുകൂലമായെന്ന് വെക്കുക. ഇതോടെ 19 പോയിന്റാകും ബെംഗളൂരുവിന്. പക്ഷേ, ഇവിടെ മറ്റ് ടീമുകളുടെ സഹായം ആവശ്യമായി വരും. ഒന്നാമതുള്ള ഗുജറാത്തിന് ഒന്നും രണ്ടാമതുള്ള പഞ്ചാബിന് രണ്ടും മത്സരങ്ങളാണ് ബാക്കിയുള്ളത്. അവശേഷിക്കുന്ന മത്സരങ്ങള്‍ ഇരുടീമുകളും ജയിച്ചാല്‍ ബെംഗളൂരുവിന് മുന്നേറാനാകില്ല. 

ഞായറാഴ്ച നടക്കുന്ന ഗുജറാത്ത് - ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ ഗുജറാത്ത് പരജയപ്പെട്ടാല്‍ രണ്ടാം സ്ഥാനം ബെംഗളൂരുവിന് ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ ഗുജറാത്തിന് 18 പോയിന്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ലക്നൗവിനെ കീഴടക്കുന്നതോടെ 19 പോയിന്റാകുന്ന ബെംഗളൂരുവിന് മുന്നേറം. 

ഇനി ഗുജറാത്ത് ജയിക്കുകയാണെങ്കില്‍, പഞ്ചാബ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും പരാജയപ്പെടണം. ഒന്നില്‍ മാത്രമാണ് തോല്‍വി വഴങ്ങുന്നതെങ്കില്‍ നെറ്റ് റണ്‍റേറ്റ് ആയിരിക്കും കിംഗ് മേക്കറാകുക. 

നാലാം സ്ഥാനത്ത് നിലവിലുള്ള മുംബൈ ഇന്ത്യൻസിനും ഇവിടെ സാധ്യതകളുണ്ട്. നിലവില്‍ 16 പോയിന്റുള്ള മുംബൈക്ക് അവസാന മത്സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാല്‍ 18 പോയിന്റാകും. പക്ഷേ അവശേഷിക്കുന്ന മൂന്ന് ടീമില്‍ രണ്ട് പേര്‍ 18 പോയിന്റിന് മുകളിലെത്തരുത്. 1.2 നെറ്റ് റണ്‍റേറ്റുള്ള മുംബൈക്ക് ഈ സാഹചര്യത്തില്‍ ആദ്യ രണ്ടിലെത്താനാകും.