ഡാരില്‍ മിച്ചല്‍ റുതുരാജിന് മികച്ച പിന്തുണ നല്‍കിയതോടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈ അനായാസം ലക്ഷ്യത്തിലെത്തി.

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. തോറ്റെങ്കില‍ും നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ജയിച്ചിട്ടും ചെന്നൈ നാലാമത് തന്നെയാണ്. ഹോം ഗ്രൗണ്ടില്‍ സമ്പൂര്‍ണ വിജയത്തിന്‍റെ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ചെന്നൈക്കായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തോറ്റതോടെ സീസണില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ഒരേയൊരു ടീമെന്ന നേട്ടം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് മാത്രമായി. സ്കോര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്ഴ്സ് 20 ഓവറില്‍ 137-9. ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ 141-3.

കൊല്‍ക്കത്ത ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് 27 റണ്‍സ് ചേര്‍ത്ത് ഭേദപ്പെട്ട തുടക്കം നല്‍കി. രചിന്‍ രവീന്ദ്ര(15) വൈഭവ് അറോറയുടെ പന്തില്‍ പുറത്തായശേഷം ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ റുതുരാജിന് മികച്ച പിന്തുണ നല്‍കിയതോടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈ അനായാസം ലക്ഷ്യത്തിലെത്തി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സടിച്ചു. മിച്ചലിനെ നരെയ്ന്‍(19 പന്തില്‍ 25) പുറത്താക്കിയെങ്കിലും പിന്നീടെത്തി ശിവം ദുബെയുടെ വെടിക്കെട്ട് ചെന്നൈയുടെ ജയം എളുപ്പത്തിലാക്കി. വിജയത്തിനടുത്ത് ദുബെയെ(18 പന്തില്‍ 28) വൈഭവ് അറോറ മടക്കിയെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയ ധോണി ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

ഒരോവറിൽ ജയിക്കാന്‍ 10 റണ്‍സ്, ആരെ ബൗള്‍ ചെയ്യാൻ വിളിക്കും; ബുമ്രയോ നസീം ഷായോ; മറുപടി നല്‍കി ബാബര്‍ അസം

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബിഗ് ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 27 റണ്‍സെടുത്ത സുനില്‍ നരെയ്നും മാത്രമെ കൊല്‍ക്കത്തക്കായി തിളങ്ങിയുള്ളു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ തുഷര്‍ ദേശ്‌പാണ്ഡെ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക