മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ മൂന്ന് മാസക്കാലം എവിടെയായിരുന്നുവെന്ന് നാഡയെ അറിയിക്കാത്തതിനാണ് നോട്ടീസ്. സംഭവത്തില്‍ ബിസിസിഐ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

രണ്ട് തരത്തില്‍ ആന്റി ഡോപ്പിംഗ് അഡ്മിനിസ്ട്രേഷന്‍ ആന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍(എഡിഎഎംഎസ്) വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യമുണ്ട്. കായിക താരങ്ങള്‍ക്ക് നേരിട്ടോ, കളിക്കാര്‍ക്ക് വേണ്ടി അതാത് അസോസിയേഷനോ ഇത് പൂരിപ്പിച്ച് നല്‍കാം. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ബിസിസിഐയുമായി കരാറുള്ള അഞ്ച് താരങ്ങള്‍ ഇത് നല്‍കിയിട്ടില്ല.


എഡിഎഎംഎസ് പാസ്‌വേഡുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് വിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നത് എന്നും ഇപ്പോള്‍ പ്രശ്നം പരിഹരിച്ചും എന്നുമാണ് ബിസിസിഐയുടെ വിശദീകരണം. വിഷയത്തില്‍ ബിസിസിഐ നല്‍കിയ വിശദീകരണം തൃപ്തികരമാണെങ്കിലും നടപടിയുടെ കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.


മൂന്ന് തവണ ഇത്തരത്തില്‍ വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തേജകവിരുദ്ധ നയത്തിന്റെ ഭാഗമായി ആ കളിക്കാരനെ അല്ലെങ്കില്‍ കളിക്കാരിയെ രണ്ട് വര്‍ഷത്തേക്ക് വരെ സസ്പെന്‍ഡ് ചെയ്യാന്‍ നാഡക്ക് അധികാരമുണ്ട്. ബിസിസിഐ വിശദീകരണം കണക്കിലെടുത്ത് ഇപ്പോഴത്തേത് ഒന്നാമത്തെ വീഴ്ചയായി കണക്കാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.

ക്രിക്കറ്റ് താരങ്ങളെല്ലാം നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരായിട്ടും അവര്‍ വ്യക്തിപരമായി എഡിഎഎംഎസില്‍ വിവരങ്ങള്‍ അപ്‌ലോഡ‍് ചെയ്യാതിരിക്കുന്നതിന്റെ കാരണം മനസിലാവുന്നില്ലെന്ന് നവിന്‍ അഗര്‍വാള്‍ പറഞ്ഞു. ചിലപ്പോള്‍ തിരക്ക് മൂലമാകാം ഇതിന് കഴിയാത്തതെന്നും നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യം കൊവിഡ് ഭീതിയില്‍ ലോക്‌ഡൗണിലായിരുന്ന കാലത്ത്  ക്രിക്കറ്റ് താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.