ദുബായ്: പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്ൽ. 45 വയസ്സുവരെ തനിക്ക് ഇതേമികവിൽ കളിക്കാൻ കഴിയുമെന്നും ഗെയ്ൽ പറഞ്ഞു.

ദുബായിൽ നടക്കുന്ന അൾട്ടിമേറ്റ് ക്രിക്കറ്റ് ചലഞ്ചിന് എത്തിയപ്പോഴാണ് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് 41-കാരനായ ഗെയ്ൽ വ്യക്തമാക്കിയത്.

വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. രണ്ട് ട്വന്‍റി-20 ലോകകപ്പുകൾ വരാനിരിക്കുന്നുവെന്നും പറഞ്ഞ ഗെയ്ല്‍ പ്രായം വെറുമൊരു സംഖ്യമാത്രമാണെന്നും വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബ് താരമായിരുന്നു ഗെയ്ൽ. ആദ്യ ആറ് മത്സരങ്ങളില്‍ കരക്കിരുന്ന ഗെയ്ല്‍ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ 41.14 ശരാശരിയില്‍ 137.14 സ്ട്രൈക്ക് റേറ്റില്‍ 288 റൺസ് അടിച്ചുകൂട്ടി മികവ് കാട്ടിയിരുന്നു.