87 റണ്‍സും നിര്‍ണായക വിക്കറ്റുകളും നേടി ഫൈനലിലെ താരമായ ഷെഫാലി, ലോകകപ്പ് ഫൈനലില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.

നവി മുംബൈ: പകരക്കാരിയായി എത്തി പകരംവെക്കാനില്ലാത്ത പ്രകടനം നടത്തിയാണ് ഷെഫാലി വര്‍മ ലോകകപ്പ് ഫൈനലിലെ താരമായത്. പുരുഷ, വനിതാ ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍, പ്ലെയര്‍ ഓഫ് ദി മാച്ചാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇരുപത്തിയൊന്നുകാരിയായ ഷെഫാലി വര്‍മ. വനിതാ ലോകകപ്പ് ഫൈനലില്‍ കണ്ടത് കംപ്ലീറ്റ് ഷെഫാലി ഷോ. സിനിമാക്കഥകളെ വെല്ലുന്ന തിരിച്ചുവരവ്. സെമിഫൈനല്‍ വരെ ടീമില്‍പോലും ഉണ്ടായിരുന്നില്ല ലേഡി സെവാഗ്.

ടീമിലേക്ക് വിളിയെത്തിയത് പ്രതിക റാവലിന് പരിക്കേറ്റപ്പോള്‍. സെമിയില്‍ പത്ത് റണ്ണില്‍ മടങ്ങിയ ഷെഫാലി ഫൈനലല്‍ കത്തിക്കയറി. ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ബൗണ്ടറികടത്തിയ ഫെഫാലിയുടെ ബാറ്റില്‍ പിറന്നത് 78 പന്തില്‍ 87 റണ്‍സ്. ഏഴ് ഫോര്‍. രണ്ട് സിക്‌സ്. ഹര്‍മന്‍പ്രീത് കൗര്‍ പന്തേല്‍പിച്ചപ്പോള്‍ കണ്ടത് ഷെഫാലി മാജിക്. 30 ഏകദിനത്തില്‍ ഒറ്റവിക്കറ്റ് മാത്രം നേടിയിട്ടുള്ള ഷെഫാലി ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ പിടിച്ചുലച്ചു. ഫെഫാലിയുടെ വിക്കറ്റുകള്‍ ഇന്ത്യയെ കളിയിലേക്ക് തിരികെകൊണ്ടുവന്നുവെന്ന് ഹര്‍മന്‍പ്രീത് കൗര്‍.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി മുംബൈയില്‍ നിന്ന് മടങ്ങുന്നത് ഒരു ലോകകപ്പിലെ രണ്ട് മത്സരം മാത്രം കളിച്ച് ഫൈനലിലെ താരമെന്ന അപൂര്‍വ നേട്ടവുമായി. ടീമിനൊപ്പം ചേര്‍ന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ദൈവം എന്നെ ഇവിടെ അയച്ചത് എന്തെങ്കിലും നല്ലത് ചെയ്യാനാണെന്നായിരുന്നു പ്രവചനം പോലെയുള്ള ഷെഫാലിയുടെ മറുപടി. സെമിയില്‍ ഷെഫാലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും അവളുടെ കഴിവില്‍ ടീം പൂര്‍ണ വിശ്വാസമര്‍പ്പിച്ചു.

ഫൈനലിനായി കാത്തുവെച്ചൊരു മരതകം പോലെയായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. റണ്‍സൊഴുകുന്ന പിച്ചില്‍ മികച്ച ടോട്ടല്‍ ഇല്ലാതെ ഫോമില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ നേരിടുക എന്നത് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല. സ്മൃതിക്കൊപ്പം കരുതലോടെ തുടങ്ങിയ ഷെഫാലി വര്‍മ പിന്നീട് കത്തിക്കയറി. ഒരുവശത്ത് സ്മൃതി വീണിട്ടും ഷെഫാലി കുലുങ്ങിയില്ല. സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിക്കെ, ടീം സ്‌കോര്‍ 166ല്‍ എത്തിയപ്പോള്‍ 87 റണ്‍സെടുത്ത ഷെഫാലി പുറത്തായി. ഏഴ് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു ആ നിര്‍ണായക ഇന്നിങ്‌സ്.

YouTube video player