രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ വിരാട് കോലിയെ വാഴ്ത്തിയ ആരാധക കൂട്ടം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ പുതിയ ഹാഷ് ടാഗും ട്രെന്‍ഡിംഗാക്കുന്നത്.
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി 'അറസ്റ്റ് വിരാട് കോലി' ഹാഷ് ടാഗുകള്‍. രണ്ട് ദിവസം മുമ്പ് ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ വിരാട് കോലിയെ വാഴ്ത്തിയ ആരാധക കൂട്ടം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പുതിയ പുതിയ ഹാഷ് ടാഗും ട്രെന്‍ഡിംഗാക്കുന്നത്. ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ അസൂയയുള്ള മറ്റ് ടീമുകളുടെ ആരാധക കൂട്ടങ്ങളും ഇതിനൊപ്പമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അറസ്റ്റ് വിരാട് കോലി, ഷെയിം ഓണ്‍ വിരാട് കോലി, ആര്‍സിബി ക്രിമിനല്‍സ് എന്നീ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉപയോഗിക്കുന്നുണ്ട്.
18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചൊവ്വാഴ്ച നടന്ന ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ആര്‍സിബി ആദ്യ ഐപിഎല്‍ കിരീടം നേടിയത്. കിരീടനേട്ടം ശരിക്കുമൊന്ന് ആഘോഷിച്ചു തീരും മുമ്പായിരുന്നു വിജയാഘോഷത്തിനിടെ ദുരന്തമുണ്ടായത്. ബെംഗളൂരുവിലെ വിജയാഘോഷത്തിന്‍റെ ചിത്രങ്ങള്‍ ആര്‍സിബി അവരുടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ആരാധക പ്രതിഷേധം കനത്തതോടെ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു.
കീരീടനേട്ടത്തിനുശേഷം ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കി. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയഘോഷം നടത്തുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയയെ നിയമസഭയിലെത്തി കണ്ടശേഷമായിരുന്നു ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള ഉന്നത് രാഷ്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പുറത്ത് ആളുകള്‍ മരിച്ചുവീണപ്പോഴും വിജയാഘോഷവുമായി മുന്നോട്ടുപോയ ആര്‍സിബിയുടെ നടപടിയെയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ് ടാഗുകളും എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗായത്.സംഭവത്തില്‍ വിരാട് കോലി അടക്കമുള്ള താരങ്ങള്‍ക്കും പങ്കുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആരോപിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനോ അവര്‍ക്ക് ധനസാഹം പ്രഖ്യാപിക്കാനോ കോലി തയാറാകാത്തതിലും ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്. അതിനിടെ വിരാട് കോലിയും അനുഷ്കയും പതിവുപോലെ ലണ്ടനിലേക്ക് പോയെന്ന രീതിയിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ഇന്ത്യയില്‍ തന്നെയാണുള്ളതെന്നാണ് സൂചന.


