സിഡ്‌നി: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നതിന്‍റെ ഭീതിയിലാണ് ലോകം. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. 5,845 പേര്‍ ഇതിനകം മരണപ്പെട്ടു. എല്ലാ രംഗത്തെയും എന്നപോലെ കായികമേഖലയെയും കൊവിഡ് വിഴുങ്ങിയിരിക്കുകയാണ്. 

ഫുട്ബോളും ബാസ്‌ക്കറ്റ്‌ബോളും ഫോര്‍മുല വണും അടക്കം പ്രധാനപ്പെട്ട മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുന്നു. ക്രിക്കറ്റും സമാന പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. വിവിധ പരമ്പരകള്‍ റദ്ദാക്കിയത് മാത്രമല്ല, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ചരിത്രസംഭവത്തിന് ക്രിക്കറ്റ് സാക്ഷിയാകുമോ എന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. 

Read more: ആറ് സാധ്യതകള്‍ തേടി ബിസിസിഐ; ഐപിഎല്‍ ഉപേക്ഷിച്ചാല്‍ ഏറ്റവും വലിയ നഷ്‌ടം ധോണിക്ക്

ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡിലാണ് സംഭവം. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഒഴിവാക്കുകയാണ് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ മെഡിക്കല്‍ സംഘവും ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈ തീരുമാനത്തിലെത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ അവസാന മൂന്ന് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 

ഒന്‍പതില്‍ ആറ് ജയങ്ങളുള്ള ന്യൂ സൗത്ത് വെയ്‌ല്‍സ് ബ്ലൂസാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ മുന്നില്‍. ഇവരെ വിജയികളായി പ്രഖ്യാപിക്കുമോ എന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല.  രണ്ടാമതുള്ള വിക്‌ടോറിയയേക്കാള്‍ 14 പോയിന്‍റ് ലീഡുണ്ട് അവര്‍ക്ക്. ടൂര്‍ണമെന്‍റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതുവരെ ടൂര്‍ണമെന്‍റ് ഉപേക്ഷിച്ചിട്ടില്ല. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക