അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മെയ് ഒമ്പതിനാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിയത്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സും-ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു മത്സരം നിര്‍ത്തിവെക്കേണ്ടിവന്നത്.

സിഡ്നി: ഐപിഎല്ലില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നിര്‍ദേശവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കണോ എന്നത് ഓരോ കളിക്കാരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. കളിക്കാര്‍ വ്യക്തിപരമായി എന്ത് തീരുമാനമെടുത്താലും ക്രിക്കറ്റ് ഓസ്ട്രേലിയ അതിനെ പിന്തുണക്കുമെന്നും അടുത്ത മാസം 11ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങളുമായി ടീം മാനേജ്മെന്‍റ് മുന്നോട്ടുപോകുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ സുരക്ഷ സംബന്ധിച്ച് ഓസീസ് സര്‍ക്കാരുമായും ബിസിസിഐയുമായും ബന്ധപ്പെടുന്നുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മെയ് ഒമ്പതിനാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിയത്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സും-ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടെയായിരുന്നു മത്സരം നിര്‍ത്തിവെക്കേണ്ടിവന്നത്. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 17 മുതലാണ് ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ ഇന്നലെ തീരുമാനിച്ചത്. ഐപിഎല്ലില്‍ കളിക്കുന്ന ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വിക്കറ്റ് കീപ്പര്‍ ജോഷം ഇംഗ്ലിസ്, ഓപ്പണര്‍ ട്രാവിസ് ഹെഡ് എന്നിവരെല്ലാം ഐപിഎല്ലില്‍ വിവിധി ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. ഇവരെല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്.

പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ബെംഗളൂരുവിൽ ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുക. ഫൈനൽ ഉൾപ്പടെ ശേഷിച്ച പതിനേഴ് മത്സരങ്ങൾ നടക്കുക ആറ് വേദികളിലായിട്ടാവും നടക്കുക.

ജയ്പൂർ, ഡൽഹി, ലക്നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് ബെംഗളൂരുവിനെ കൂടാതെയുള്ള വേദികൾ. മേയ് പതിനെട്ടിനും ഇരുപത്തിയഞ്ചിനും രണ്ട് മത്സരങ്ങൾ വീതം നടക്കും. കഴിഞ്ഞ വ്യാഴാഴ്ച പാതിവഴിയിൽ ഉപേക്ഷിച്ച ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ് മത്സരം മേയ് 24ന് ജയ്പൂരിൽ വീണ്ടും നടത്തും. ഒന്നാം ക്വാളിഫയർ മേയ് 29നും എലിമിനേറ്റർ 30നും രണ്ടാം ക്വാളിഫയർ ജൂൺ ഒന്നിനും ഫൈനൽ ജൂൺ മൂന്നിനും നടക്കും. ഫൈനൽ ഉൾപ്പടെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ വേദികൾ പിന്നീട് പ്രഖ്യാപിക്കും. നേരത്തേ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് മേയ് 25ന് കൊൽക്കത്തയിലാണ് ഫൈനൽ നടക്കേണ്ടിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക