വിരാട് കോലിയും രവി ശാസ്ത്രിയും ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് രവി ശാസ്ത്രിയെ ഇന്ത്യൻ പരിശീലകനാക്കിയത്.
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ താരം വിരാട് കോലി ഫോണില്‍ ബന്ധപ്പെട്ടത് മൂന്ന് പേരെയെന്ന് റിപ്പോര്‍ട്ട്. അതിലൊരാള്‍ മുന്‍ ഇന്ത്യൻ പരിശീലകനായിരുന്ന രവി ശാസ്ത്രിയാണെന്ന് ക്രിക് ബസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിരാട് കോലി വിരമിച്ചതിന് പിന്നാലെ ഇത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ആധുനിക ക്രിക്കറ്റിലെ പ്രതിഭാസമാണ് കോലിയെന്നും രവി ശാസ്ത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.നിങ്ങള്‍ കളി മതിയാക്കിയെന്ന് വിശ്വസിക്കാനാവുന്നില്ല. കളി മികവിലും ക്യാപ്റ്റൻസിയിലും ആധുനിക ക്രിക്കറ്റിലെ ഒരു പ്രതിഭാസവും ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ അംബാസഡറുമാണ് താങ്കള്‍. നിങ്ങള്‍ എല്ലാവര്‍ക്കുമായും പ്രത്യേകിച്ച് എനിക്കും നല്‍കിയ നല്ല ഓര്‍മകള്‍ക്ക് നന്ദി. ജീവിതത്തില്‍ എന്നും ഞാനത് സന്തോഷത്തോടെ ഓര്‍ക്കുമെന്നായിരുന്നു രവി ശാസ്ത്രിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
എന്നാല്‍ വിരാട് കോലി വിരമിക്കൽ പ്രഖ്യാപനത്തിന് മുമ്പ് രവി ശാസ്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ശാസ്ത്രിക്ക് പുറമെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ എന്നിവരെയാണ് കോലി ഫോണില്‍ ബന്ധപ്പെട്ടതെന്നും അതിനുശേഷമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിരാട് കോലിയും രവി ശാസ്ത്രിയും ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. വിരാട് കോലി ക്യാപ്റ്റനായിരുന്നപ്പോഴാണ് രവി ശാസ്ത്രിയെ ഇന്ത്യൻ പരിശീലകനാക്കിയത്. ഇന്ത്യൻ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുടെ ഹെഡ് മാസ്റ്റര്‍ ശൈലിയെക്കുറിച്ച് പരാതിപറഞ്ഞ കോലിയുടെ നിര്‍ബന്ധത്തിലാണ് രവി ശാസ്ത്രി ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്.വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ 2019ലെ ഏകദിന ലോകകപ്പ് കാലത്ത് നിലനിന്നിരുന്ന് എന്ന് പറയപ്പെടുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാൻ മുന്‍കൈയടെുത്തതും രവി ശാസ്ത്രിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിരാട് കോലിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് പോലും ഒരു കാലത്ത് രവി ശാസ്ത്രിയെ വിശേഷിപ്പിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയ്ക്ക് ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ ആശംസ അറിയിച്ചിരുന്നു. ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റൻ ഹാരി കെയ്ന്‍, യുഎഫ്‌സി ചാമ്പ്യൻ കോണർ മക്ഗ്രെഗര്‍ എന്നിവരെല്ലാം കോലിക്ക് ആശംസയുമായി എത്തിയിരുന്നു.