ഇതുവരെ അറിഞ്ഞത് സാംപിള്‍, വരുന്നു സച്ചിന്‍റെ അറിയാക്കഥകള്‍, പുസ്‍തകത്തിന്  പേരുകള്‍ നിർദേശിക്കാം  

തിരുവനന്തപുരം: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍‍ ടെന്‍ഡുല്‍ക്കറെ കുറിച്ചുള്ള തന്‍റെ പുസ്തകത്തിന് ക്രിക്കറ്റ് പ്രേമികളില്‍ നിന്ന് പേര് ക്ഷണിച്ച് ക്രിക്കറ്റ് എഴുത്തുകാരന്‍ ധനേഷ് ദാമോദരന്‍. വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള 130 അറിയാക്കഥകള്‍ പുസ്‍തകമാക്കി ശ്രദ്ധിക്കപ്പെട്ട ക്രിക്കറ്റ് പ്രേമിയും എഴുത്തുകാരനുമാണ് ധനേഷ് ദാമോദരന്‍. ഇതേ മാതൃകയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അധികമാരും അറിയാത്ത ക്രിക്കറ്റ് കഥകള്‍ പുസ്തക രൂപത്തിലാക്കുന്നതിന്‍റെ പണിപ്പുരയിലാണ് ധനേഷ്. ഫേസ്ബുക്കിലൂടെയാണ് തന്‍റെ സച്ചിനെ കുറിച്ചുള്ള പുസ്തകത്തിനൊരു പേര് വേണമെന്ന് ക്രിക്കറ്റ് ആരാധകരോട് ധനേഷ് ദാമോദരന്‍ അഭിപ്രായം തേടിയത്. മുമ്പ് വിക്കറ്റ് കീപ്പർമാരെ കുറിച്ചുള്ള പുസ്തകത്തിനും ധനേഷ് പേര് കണ്ടെത്തിയത് സുഹൃത്തുക്കള്‍ വഴിയായിരുന്നു. 

ധനേഷ് ദാമോദരന്‍റെ എഫ്‍ബി പോസ്റ്റ്

ഒരു സന്തോഷം കൂടി പങ്കു വെക്കുന്നു...

എന്തുകൊണ്ടാണ് സച്ചിൻ ടെന്‍ഡുല്‍ക്കറിനോട് നിങ്ങൾക്ക് കൂടുതലിഷ്ടം? പലരും ചോദിക്കാറുള്ള ആ ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. കഴിഞ്ഞ 32 വർഷമായി കളിയെ പിന്തുടരുമ്പോള്‍ ഇന്നത്തെ ദിവസം വരെയും അതുപോലൊരു കളിക്കാരനെ പിന്നീട് കാണുവാൻ പറ്റിയിട്ടില്ല എന്നത് തന്നെ. ആ അനായാസത, ആ ആറ്റിറ്റ്യൂഡ്, ആ അർപ്പണബോധം, കാലഘട്ടത്തിനനുസരിച്ച് ഷോട്ടുകളിൽ നടത്തിയ വൈവിധ്യങ്ങൾ. എല്ലാ റെക്കോർഡുകളും തകർക്കപ്പെട്ടാലും ഇനിയൊരു സച്ചിൻ വരാനില്ല. ഈ വർഷം ഏപ്രിൽ 24ന് സച്ചിന് 50 വയസ് തികയുകയാണ്. ക്രിക്കറ്റ് കണ്ട് തുടങ്ങുന്നതിനൊപ്പം കാണുന്ന മുഖമാണ്. ഗെയിമിനൊപ്പം സഞ്ചരിക്കുവാൻ എന്നെന്നും പ്രേരിപ്പിച്ച മുഖമാണ്. ആദ്യമായി ഒരു പുസ്തകം പുറത്തിറക്കുമ്പോൾ അത് സച്ചിനെ പറ്റിയായിരിക്കണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. എന്നാൽ എഴുതിത്തുടങ്ങിയപ്പോഴാണ് അയാളെ പറ്റി എഴുതിയാലും എഴുതിയാലും തീരില്ലെന്ന യാഥാർഥ്യം മനസിലായത്.

ഒരിക്കലും തീരാത്തതും അറിയാത്തതുമായ കഥകളുണ്ട് സച്ചിൻ്റെ ജീവിതത്തിൽ. വിനോദ് കാംബ്ലിക്കൊപ്പമുള്ള റെക്കോർഡ് കൂട്ടുകെട്ടിനും മുൻപ് സ്കൂൾ ക്രിക്കറ്റിലും ജൂനിയർ തലത്തിലും സച്ചിൻ്റെ ബാറ്റിൽ നിന്നും വിരിഞ്ഞ വിസ്മയ ഇന്നിംഗ്സുകളുണ്ട്. മീഡിയം പേസുമായി വാരിക്കൂട്ടിയ വിക്കറ്റുകളുണ്ട്. സച്ചിൻ്റെ അറിയാക്കഥകൾ തേടി ഒരു യാത്ര പോകുകയാണ്. എല്ലാവരെയും ഒപ്പം ക്ഷണിക്കുന്നു. സച്ചിനെ പറ്റി ലോകത്തിൽ ഒരുപാട് പുസ്തകങ്ങൾ വന്നുകഴിഞ്ഞത് കൊണ്ടുതന്നെ ഒരു വ്യത്യസ്തമായ പുസ്തകത്തിന് മാത്രമേ പ്രസക്തിയുള്ളൂ എന്നറിയാം. 11 വയസ് മുതലുള്ള സച്ചിൻ്റെ ഇന്നിംഗ്സുകൾ, മറ്റൊരിടത്തും പറയാത്ത സച്ചിൻ്റെ കഥകൾ, സച്ചിൻ്റെ ജൂനിയർ തല മത്സരങ്ങൾ, രഞ്ജി അടക്കമുള്ള മുഴുവൻ ഫസ്റ്റ് ക്ലാസ് മാച്ചുകൾ, ലിസ്റ്റ് എ മാച്ചുകൾ, ടൂർ മാച്ചുകൾ, കൗണ്ടി ഇന്നിംഗ്സുകൾ, മുഴുവൻ അന്താരാഷ്ട്ര മത്സരങ്ങൾ, റെക്കോർഡുകൾ, നേട്ടങ്ങൾ മുതൽ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന റോഡ് സേഫ്റ്റി ടൂർണമെൻ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണമായ പാക്കേജ് വിവിധ ഭാഗങ്ങളായി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. പുസ്തകത്തിൻ്റെ ആദ്യഭാഗം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. 

വിക്കറ്റ് കീപ്പർമാരുടെ കഥ പറയുന്ന എൻ്റെ ആദ്യ പുസ്തകമായ 'Keeping it Simple'ന് പേര് നൽകിയത് പ്രിയപ്പെട്ട സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ വഴിയായിരുന്നു. സച്ചിനെ കുറിച്ചുള്ള പുസ്തകത്തിന് അനുയോജ്യമായ ഒരു മലയാളം പേര് മാർച്ച് 5ന് മുൻപ് നിർദേശിക്കുവാൻ മറക്കില്ലല്ലോ... 

ചിത്രം- ധനേഷ് ദാമോദരന്‍റെ ആദ്യ പുസ്തകം

എം എസ് ധോണി, ആദം ​ഗില്‍ക്രിസ്റ്റ്, മാ‍ർക്ക് ബൗച്ച‍ർ തുടങ്ങി ആധുനിക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റർമാർക്ക് പുറമെ അതിന് മുമ്പുള്ള വിക്കറ്റ് കീപ്പർമാരുടെ കഥയും ജീവിതവുമായിരുന്നു ധനേഷ് ദാമോദരന്‍ 'Keeping it Simple/ എന്ന ആദ്യ പുസ്തകത്തിലൂടെ ക്രിക്കറ്റ് പ്രേമികളിലേക്കെത്തിച്ചത്. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ സ്റ്റംപ് ചെയ്ത ഇന്ത്യക്കാരനെയും ഓപ്പണിംഗ് ബൗളും ബാറ്റും ചെയ്ത വിക്കറ്റ് കീപ്പറെയും ഇന്ത്യയുടെ പ്രായം കൂടിയ വിക്കറ്റ് കീപ്പറെയും വനിതാ ക്രിക്കറ്റിനെ പുതിയ തലതത്തിലേക്ക് ഉയർത്തിയ സൗന്ദര്യ റാണിയേയുമെല്ലാം ഈ പുസ്കത്തില്‍ ധനേഷ് ആരാധക‍ർക്ക് വിശദമായി പരിചയപ്പെടുത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്

സച്ചിനെ കുറിച്ചുള്ള പുസ്തകം സച്ചിന്‍റെ ജന്മദിനമായ ഏപ്രിൽ 24ന് പ്രകാശനം ചെയ്യും എന്ന് ധനേഷ് ദാമോദരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സ്കൂള്‍ ക്രിക്കറ്റിലെ പ്രശസ്തമായ സച്ചിന്‍-കാംബ്ലി കൂട്ടുകെട്ടിന് മുമ്പുള്ള സച്ചിന്‍റെ ക്രിക്കറ്റ് ജീവിതവും പിന്നീട് ബോള്‍ ബോയിയായതും കാങ്കാ ലീഗില്‍ കളിച്ചതും പാകിസ്ഥാനായി ഫീല്‍ഡിംഗിന് ഇറങ്ങേണ്ടിവന്നതും അടക്കമുള്ള അപൂർവ കഥകളാണ് പുതിയ പുസ്തകത്തില്‍ ധനേഷ് പറയുന്നത്. സച്ചിന്‍റെ സ്കൂള്‍ ക്രിക്കറ്റ് മുതല്‍ ഏറ്റവും ഒടുവിലെ റോഡ് സേഫ്റ്റി ലീഗ് വരെയുള്ള കരിയറിലെയും ജീവിതത്തിലേയും സമഗ്രവും വ്യത്യസ്തവുമായ വിവരങ്ങളടങ്ങിയ പുതിയ ബുക്ക് കുറഞ്ഞ തുകയ്ക്ക് ആരാധകർക്ക് ലഭ്യമാകും എന്ന് ധനേഷ് ദാമോദരന്‍ ഉറപ്പുനല്‍കുന്നു. 

സച്ചിന്‍ പട നയിക്കുന്നു! പിന്നില്‍ ദ്രാവിഡും ലക്ഷമണും; എലൈറ്റ് പട്ടികയ്ക്ക് തൊട്ടരികെ ഇന്ത്യയുടെ രണ്ടാം മതില്‍