ഈ മാസം 20ന് നടന്ന അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരം റോഡ് അപകടത്തില്‍ മരിച്ചു. ബൈക്കില്‍ പോകുകയായിരുന്ന യുവതാരം ഫരീദ് ഹുസൈന്‍ ആണ് അപകടത്തില്‍ മരിച്ചത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഡോര്‍ ഡ്രൈവര്‍ പെട്ടെന്ന് തുറന്നതിനെത്തുടര്‍ന്ന് ഫരീദ് സഞ്ചരിച്ച സ്കൂട്ടര്‍ ഡോറില്‍‍ തട്ടി റോഡ് സൈഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം നടന്നയുടന്‍ ഫരീദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു തന്നെ ഫരീദ് മരിച്ചുവെന്നും വീഴ്ചയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചാണ് മരണമെന്നും പൊലിസ് പറഞ്ഞു. 

ഈ മാസം 20ന് നടന്ന ഞെട്ടിക്കുന്ന അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധ വളര്‍ന്നുവരുന്ന ഒരു ക്രിക്കറ്റ് താരത്തിന്‍റെ ജീവനെടുത്തത് ഞെട്ടലോടെയാണ് ആളുകള്‍ കണ്ടത്. അമിത വേഗതയിലായിരുന്നില്ല ഫരീദ് ബൈക്കില്‍ സഞ്ചരിച്ചിരുന്നതെങ്കിലും വേഗത്തില്‍ ഡോര്‍ തുറന്നപ്പോള്‍ ബൈക്കിൽ ശക്തമായി ഇടിച്ചതിന്‍റെ ആഘാതത്തില്‍ ഫരീദും ബൈക്കും റോഡിന്‍റെ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Scroll to load tweet…

പ്രാദേശിക ടൂര്‍ണമെന്‍റുകളില്‍ അറിയപ്പെടുന്ന കളിക്കാരനാണ് ഫരീദ്. ഫരീദിന്‍റെ മരണ വാര്‍ത്ത സഹതാരങ്ങളും പ്രദേശവാസികളും ഞെട്ടലോടെയാണ് കേട്ടത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക