മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് നാലാമതും ട്രിവാന്‍ഡ്രം റോയൽസ് അഞ്ചാമതുമാണ്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ മുന്നിലെത്തി സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്. കളിച്ച മൂന്ന് കളികളും ജയിച്ച് ആറ് പോയന്‍റുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ സച്ചിന്‍ ബേബിയുടെ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ അവസാന പന്തില്‍ കീഴടക്കി ആവേശജയം സ്വന്തമാക്കിയതോടെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. +1.980 എന്ന മികച്ച നെറ്റ് റണ്‍റേറ്റും കൊച്ചി ബ്ലൂ ടൈഗേഴ്സിനുണ്ട്.
രണ്ടാം സ്ഥാനത്ത് സിജോമോന്‍ ജോസഫ് നയിക്കുന്ന തൃശൂര്‍ ടൈറ്റന്‍സാണ്. കളിച്ച രണ്ട് കളികളില്‍ രണ്ടും ജയിച്ച ടൈറ്റന്‍സ് ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ നേരിടും. ഈ കളി ജയിച്ചാല്‍ ബ്ലൂ ടൈഗേഴ്സിന് ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ ടൈറ്റന്‍സിനാവും. കളിച്ച മൂന്ന് കളികളില്‍ ഓരോ ജയം വീതം നേടിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏരീസ് കൊല്ലം സെയ്‌ലേഴ്സും അദാനി ട്രിന്‍വാന്‍ഡ്രം റോയല്‍സും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്(-0.030) മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സ്(-0.144) നാലാമതും ട്രിവാന്‍ഡ്രം റോയൽസ്(-1.224) അഞ്ചാമതുമാണ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിൾസാണ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ജയം നേടേണ്ടത് നിലവിലെ ചാമ്പ്യൻമാരായ സച്ചിന്‍ ബേബിയുടെ ഏരീസ്കൊല്ലം സെയ്‌ലേഴ്സിനും അനിവാര്യമാണ്. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആദ്യ ജയം നേടാനായാണ് ആലപ്പി റിപ്പിള്‍സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്.


