മെയ് 2-ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തന്‍റെ ഐപിഎൽ അരങ്ങേറ്റം കുറിച്ച രാമകൃഷ്ണ ഘോഷ് ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു.
ചെന്നൈ: ഐപിഎൽ ലീഗ് ഘട്ടം നിർണായക ഘട്ടത്തിലേക്ക് കടക്കവെ, അപ്രതീക്ഷിത നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. പരിക്കേറ്റ് പുറത്തായ യുവ ഓൾറൗണ്ടർ രാമകൃഷ്ണ ഘോഷിന് പകരക്കാരനായി കർണാടക ഓൾറൗണ്ടർ മാക്നീൽ ഹാഡ്‌ലി നൊറോണയെ സിഎസ്‌കെ ടീമിലെത്തിച്ചു. ടീം സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മെയ് 2-ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തന്‍റെ ഐപിഎൽ അരങ്ങേറ്റം കുറിച്ച രാമകൃഷ്ണ ഘോഷ് ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. മത്സരത്തിനിടെ വലതു കാല്‍പ്പാദത്തില്‍ പൊട്ടലുണ്ടായ ഘോഷ് സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നെങ്കിലും ചെന്നൈ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല.
കർണാടക പ്രീമിയർ ലീഗിലെ (മഹാരാജ ട്രോഫി) മിന്നും പ്രകടനമാണ് 24-കാരനായ നൊറോണയെ ചെന്നൈ ടീമിലെത്തിച്ചത്.2025 മഹാരാജ ട്രോഫിയിൽ മംഗളൂരു ഡ്രാഗൺസിനായി 13 മത്സരങ്ങളിൽ നിന്ന് 253 റൺസാണ് നൊറോണ അടിച്ചുകൂട്ടിയത്. 148.82 എന്ന സ്ട്രൈക്ക് റേറ്റില്‍ 19 സിക്സറുകളും നൊറോണ പറത്തി. ഓഫ് സ്പിന്നര്‍ കൂടിയായ നൊറോണ 7.44 ഇക്കോണമിയില്‍ 10 വിക്കറ്റുകളും വീഴ്ത്തി.
സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകക്കായി കളിച്ച പരിചയസമ്പത്തും നൊറോണക്കുണ്ട്. സീസണ്‍ തുടങ്ങിയതു മുതല്‍ പരിക്കുകൾ സിഎസ്‌കെയെ വിടാതെ പിന്തുടര്‍ന്നിരുന്നു. മുന്‍ നായകന്‍ എം.എസ് ധോണി, പേസര്‍ ഖലീൽ അഹമ്മദ്, ആയുഷ് മാത്രെ, ഓസീസ് പേസര്‍ നഥാന്‍ എല്ലിസ് എന്നിവര്‍ പരിക്കുമൂലം നേരത്തെ പുറത്തായിരുന്നു. അവസാന മൂന്ന് മത്സരങ്ങൾ ജീവൻമരണ പോരാട്ടമായിരിക്കെ, നൊറോണയുടെ സാന്നിധ്യം ടീമിന് മധ്യനിരയിൽ കരുത്തേകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബിസിസിഐയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ നൊറോണ ടീമിനൊപ്പം ചേരും.
